തിരുവാഭരണം കൈവശപ്പെടുത്തുമെന്ന് ഭീഷണി, തിരികെയെത്തിക്കും വരെ സംരക്ഷണം വേണമെന്ന് കൊട്ടാരം: കളക്ടറുടെ പ്രതികരണം ഇങ്ങനെ

മകരവിളക്കിന് ശബരിമലയിലേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോള്‍ തട്ടിയെടുക്കുമെന്നാണ് ഭീഷണി

പത്തനംതിട്ട: തിതിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചു. ഘോഷയാത്രയ്ക്കിടെ തിരുവാഭരണം നശിപ്പിക്കപ്പെടാനോ തട്ടിയെടുക്കാനോ സാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. മകരവിളക്കിന് ശബരിമലയിലേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോള്‍ തട്ടിയെടുക്കുമെന്നാണ് ഭീഷണി. അതിനാല്‍ തിരുവാഭരണം തിരിച്ച്‌ പന്തളം കുടുംബത്തിലേക്ക് കൊണ്ടുവരും വരെ പൊലീസ് സുരക്ഷ വേണമെന്നാണ് പന്തളം കുടുംബം പറയുന്നത്.

കാലങ്ങളായി പന്തളത്ത് നിന്നാണ് തിരുവാഭരണം ആഘോഷത്തോടെ ശബരിമലയിലെത്തിക്കുന്നത്. ഇക്കുറി ഭീഷണി നില്‍ക്കുന്നതിനാല്‍ മടക്കിയെത്തിക്കുംവരെ കുടുംബത്തിന് സുരക്ഷ വേണമെന്നാണ് പ്രതിനിധികള്‍ ആവശ്യപ്പെടുന്നത്. പന്തളം വലിയകോയിക്കല്‍ കുടുംബത്തില്‍ സൂക്ഷിക്കുന്ന തിരുവാഭരണം മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുകയും ചെയ്യും.

മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്. അതെ സമയം പന്തളം കൊട്ടാരം അധികൃതര്‍ ആവശ്യപ്പെട്ടാല്‍ തിരുവാഭരണത്തിന് കൂടുതല്‍ സുരക്ഷ നല്‍കാന്‍ തയാറാണെന്ന് പത്തനംതിട്ട ജില്ലകളക്ടര്‍ പി.ബി.നൂഹ് പ്രതികരിച്ചു. ഇതുവരെ കൊട്ടാരത്തിന്റെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ ഒരാവശ്യവും ഉണ്ടായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.

Share
Leave a Comment