Latest NewsTravel

ഉഡുപ്പി, കൊല്ലൂർ,ഗോകർണ്ണം, മുരുടേശ്വരം (മംഗളൂരു വഴി )

ജ്യോതിര്‍മയി ശങ്കരന്‍

മംഗളൂരുവിലേയ്ക്ക്

ചില യാത്രകൾ നമ്മളറിയാതെ നമ്മളെ ക്ഷണിയ്ക്കാനായെത്തും, മനസ്സിൽ ഒട്ടധികം സന്തോഷത്തിന്റെ താളമുതിർത്തുകൊണ്ട്. മുൻ യാത്രകളിൽ കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ഏപ്രിലിൽ വിവേകാനന്ദ ട്രാവത്സ് വഴി ഒരു മൂകാംബിക യാത്ര നടത്തിയിരുന്നു. അന്നു പോകാൻ കഴിയാത്ത ഇടങ്ങളായ ഗോകർണ്ണവും മുരുടേശ്വറും പിന്നീടെന്നെങ്കിലും കാണണമെന്നുദ്ദേശിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായി അതേ സുഹൃത്തുക്കൾക്കൊപ്പം പോകാൻ കഴിഞ്ഞതിൽ പ്രത്യേകം സന്തോഷം തോന്നി.എവിടെനിന്നോ അരിച്ചെത്തിയ ഊർജ്ജം യാത്രയ്ക്കു തിടുക്കം കൂട്ടിയപ്പോൾ ഹാൻസ് ക്രിസ്റ്റ്യൻസ് ആൻഡേർസന്റെ വാക്കുകകളാണോർത്തത് . ‘യാത്രചെയ്യൽ ജീവിയ്ക്കൽ തന്നെയാണ്’ (‘To Travel is to Live’ – Hans Christian Andersen).

അതെ , ഇനിയുള്ള മൂന്നു നാലുദിവസങ്ങളിൽ യാത്ര ജീവിതമായി മാറുകയാണ്. പതിവുപോലെ, ടിക്കറ്റ് ബുക്കു ചെയ്തശേഷമുള്ള ദിവസങ്ങൾക്ക് ദൈർഘ്യം കൂടുന്നുവോ എന്ന ചിന്ത മനസ്സിലുണർന്നു. വെറും 4 ദിവസങ്ങൾ മാത്രമാണെങ്കിലും ആവർത്തനവിരസതയുളവാക്കുന്ന പതിവു ദിനങ്ങളിൽ നിന്നും വേറിട്ടൊരു കാഴ്ച്ചയൊരുക്കുന്ന ദിനങ്ങളാകുമല്ലോ അവ.

uduppi

പറയത്തക്ക പ്രത്യേകതകളൊന്നും അവകാശപ്പെടാനിടയില്ലാത്ത ഈ യാത്ര പുണ്യക്ഷേത്രങ്ങളിലേയ്ക്കു തന്നെയെന്നത് ഒരുപക്ഷേ ഞങ്ങൾക്കും കൂടെയുള്ള ദമ്പതികളായ രണ്ടു സുഹൃത്തുക്കൾക്കും സന്തോഷം നൽകുന്ന ഒന്നായിരുന്നു. 12.55നു തൃശ്ശൂർ നിന്നും പുറപ്പെടുന്ന പരശുറാം എക്സ്പ്രസ്സിലെ ഏസി ചെയർകാറിൽ കയറി മംഗലാപുരത്തെത്തുമ്പോൾ സമയം രാത്രി 8.30. മംഗളാദേവിയുടെ നാടാണ് മംഗലാപുരം. സ്ഥാപകനോ അദ്വൈത തത്വശാസ്ത്രവിശാരദനായ മാധവാചാര്യയും. അറബിക്കടലിനെ ഉമ്മവെച്ച് പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിൽക്കഴിയുന്ന ഭൂപ്രദേശമാണിത്. ഇവിടെ സന്ദരശകർക്ക് കാണാനായി പല അമ്പലങ്ങളും പള്ളികളും ബീച്ചുകളും പാർക്കുകളുമെല്ലാമുണ്ടെങ്കിലും ഈ യാത്രയിൽ മംഗലാപുരം സ്റ്റേഷൻ പരിസരം മാത്രമാണ് കാണാൻ സാധിയ്ക്കുകയെന്നറിഞ്ഞിരുന്നു.സ്റ്റേഷനിൽ നിന്നും വെറും മൂന്നു കിലോമീറ്റർ മാത്രമേയുള്ളൂ മംഗളാദേവി ക്ഷേത്രത്തിലേയ്ക്ക്. പക്ഷേ രാത്രി സമയം വൈകിക്കഴിഞ്ഞിരുന്നല്ലോ?പനമ്പൂർ ബീച്ച്, ശശിഹിത്ളു ബീച്ച്, തണ്ണീർഭവി ബീച്ച് എന്നിവയും മംഗളാദേവി ടെമ്പിളും കുദ്രോലി ഗോകർണ്ണനാഥ ടെമ്പിളും,കടീൽ ദുർഗ്ഗാ പരമേശ്വരി ടെമ്പിളും, കദ്രി മഞ്ജുനാഥ് ടെമ്പിളും കൂടാതെ ഒട്ടനവധി പള്ളികളും പാർക്കുകളുമെല്ലാമുള്ള സ്ഥലമാണിതെന്നു മനസ്സിലാക്കാനായി.

പയ്യനായ ഗൈഡ് ശ്യാം ലാൽ ചിരിച്ചു കൊണ്ടെത്തി സ്വയം പരിചയപ്പെടുത്തി. വണ്ടി പറയത്തക്കവിധം വൈകിയിട്ടില്ല. രാത്രി തങ്ങുന്ന ഹോട്ടലാണെങ്കിലോ, തൊട്ടടുത്തു തന്നെയാണ്.പല കമ്പാർട്ടുമെന്റുകളിൽ നിന്നുമായി ഇറങ്ങിയവരെല്ലാം കൂടി 23 പേർ. സ്റ്റേഷനു പുറത്തായി വന്നു നിന്ന ബസ്സിൽക്കയറി അടുത്തു തന്നെയുള്ള ഹോട്ടലിലെത്തി. ഫ്രെഷ് ആയ ശേഷം തൊട്ടു മുന്നിൽക്കണ്ട കോളേജ് മെസ്സിൽ നിന്നും ഭക്ഷണം കഴിച്ച് റൂമിൽ തിരിച്ചെത്തി. അൽ‌പ്പനേരത്തെ സൌഹൃദ സംഭാഷണത്തിന്നു ശേഷം റൂമിലെത്തുമ്പോൾ സമയം 10.30. ഉറക്കം കൺപോളകളെ ഉമ്മവെച്ചുകൊണ്ടേയിരുന്നു. അലാറാം സെറ്റു ചെയ്യുമ്പോൾ മനസ്സിലോർത്തു. നാളെ രാവിലത്തെ ദർശനം ഉഡുപ്പിക്കണ്ണനെത്തന്നെയാകുമല്ലോ. കയ്യിൽ തൈർ കലക്കുന്ന കടകോലുമേന്തി വിടർന്ന ചിരിയോടെ, മിഴിച്ച കണ്ണുകളോടെ, നിൽക്കുന്ന ഉണ്ണിക്കണ്ണൻ!

സത്യം പറഞ്ഞാൽ ആ ദർശനത്തിനു വേണ്ടി മാത്രം എന്നെയിവിടെ എത്തിച്ചതാണോ എന്നും ഉള്ളിലൊരു സന്ദേഹമുണർന്നു. കാരണമുണ്ട്, അതൊരു മോഹസാഫല്യത്തിന്റെ കഥ മാത്രമാണെന്ന് പറയാമെങ്കിലും. കഴിഞ്ഞ ഏപ്രിലിൽ വിവേകാനന്ദ ഗ്രൂപ്പിന്റെ തന്നെ കൂടെ ഉഡുപ്പിയിൽ വന്നിരുന്നു. ശ്രീകൃഷ്ണൻ, അനന്തേശ്വരൻ, ചന്ദ്രമൌലീശ്വരൻ എന്നിവരെയെല്ലാം വിശദമായി ദർശിയ്ക്കാനായി. ക്യൂവിൽ നിന്ന് കുളത്തിനെ പകുതി പ്രദക്ഷിണം വെച്ച് കർശനമായ നിയന്ത്രണത്തിൽ മാത്രം ഉള്ളിൽക്കടന്നതായിരുന്നു…ചാരുത നിറഞ്ഞ കൊത്തുപണികളോടുകൂടിയ ക്ഷേത്രവും, തേരും, വാദ്യഘോഷങ്ങളും ദർശനസൌഖ്യം കൂട്ടി. പക്ഷേ ഉഡുപ്പിക്കണ്ണനെക്കണ്ടു കൊതിതീർന്നില്ല എന്നൊരു തോന്നൽ മനസ്സിൽ ബാക്കി.. ഇടുങ്ങിയ നിരയിൽ നിന്നു ജനലിന്റെ കൊച്ചു ദ്വാരത്തിലൂടെ വിഗ്രഹം കണ്ടു തൊഴുതെങ്കിലും വീണ്ടും ഒന്നു തൊഴണമെന്ന മോഹം മനസ്സിലുദിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും അത് തരമായില്ല താനും.ഈ ട്രിപ് അപ്രതീക്ഷിതമായെത്തിയതും ആദ്യം തന്നെ ഉഡുപ്പിയിലേയ്ക്കാണു പോകുന്നതെന്നുമറിഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് അന്നത്തെ അപൂർണ്ണമായ മോഹം സഫലീകരിയ്ക്കാമല്ലോ എന്നതാണ്. വളരെ സന്തോഷം തോന്നി. എന്റെ ആഗ്രഹമറിഞ്ഞ് ഭഗവാൻ എന്നെ വിളിച്ചപോലെ. കഴിഞ്ഞ യാത്രയുടെ ഓർമ്മയിൽ തപ്പിയപ്പോൾ മനസ്സിന്നുള്ളിൽ നിന്നും കിട്ടിയ ചിത്രങ്ങൾ ഒട്ടേറേ വ്യക്തയുള്ളവയു തന്നെയെന്നും മനസ്സിലാക്കാനായി. വീണ്ടുമിതാ ഉഡുപ്പിക്കണ്ണൻ ചിരിച്ചു മുന്നിൽ നിൽക്കുന്നുവോ?.. സന്തോഷം കാരണം ഉറക്കം ഇത്തിരി പിണങ്ങി നിന്നപോലെ. മനസ്സാണെങ്കിലോ വ്യാസരായരുടെ പ്രശസ്തമായ കൃതിയായ ‘ കൃഷ്ണാ! നീ ബേഗനെ ബാരോ!’പാടാൻ തുടങ്ങിയിരിയ്ക്കുകയാണല്ലോ!

shortlink

Related Articles

Post Your Comments

Related Articles


Back to top button