Latest NewsKeralaIndia

യുവതികളെ രഹസ്യമായി പ്രവേശിപ്പിക്കുന്നത് നവോത്ഥാനമല്ല :മുഖ്യമന്ത്രി കാട്ടിയത് കൊടും ചതി ; പിണറായി സർക്കാരിനെതിരെ പ്രീതി നടേശൻ

ആര്‍ത്തവത്തിന് ശേഷം ശുദ്ധിയോടെയും ഏഴ് ദിവസങ്ങള്‍ക്ക് ശേഷവും മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാവു എന്ന് ഗുരു സ്മൃതിയിലും പറയുന്നു

തിരുവനന്തപുരം: നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍. വനിത മതില്‍ സംഘടിപ്പിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് രണ്ട് യുവതികള്‍ പൊലീസ് അകമ്പടിയോടെ ശബരിമലയില്‍ പ്രവേശിച്ചത്. ഞാന്‍ ഇതില്‍ വളരെ അസ്വസ്ഥയാണ്. ഇതില്‍ ഒരു നവോത്ഥാനവുമില്ല.വനിതാ മതിലിലെ താരമായിരുന്നു പ്രീതി നടേശന്‍. എന്നാല്‍ പ്രതീക്ഷിച്ചതൊന്നുമല്ല സംഭവിച്ചത്.

ശബരിമലയിലെ ആചാര സംരക്ഷകരാണ് തങ്ങളെന്ന് ആവര്‍ത്തിച്ചിരുന്ന വെള്ളാപ്പള്ളിയെ വെട്ടിലാക്കി ശബരിമലയില്‍ സര്‍ക്കാര്‍ യുവതികള്‍ക്ക് പ്രവേശനമൊരുക്കി. ഇത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി തുറന്നു പറഞ്ഞു. അപ്പോഴും സര്‍ക്കാരിനെ വിമര്‍ശിച്ചില്ല. എന്നാല്‍ ഭാര്യ പ്രീതി നടേശന്‍ പിണറായി സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ്.എസ്എന്‍ഡിപി യോഗം വിശ്വാസികള്‍ക്കൊപ്പമാണ്. ക്ഷേത്ര ആചാരങ്ങള്‍ പിന്തുടരുന്ന ഒരു സംഘടനയാണ് ഞങ്ങളുടേത്. സുപ്രീംകോടതി വിധി പുറത്ത് വന്നതിന് പിന്നാലെ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയതാണ്. ഞങ്ങളുടെ കൂടെയുള്ള യുവതികളാരും ശബരിമലയില്‍ പ്രവേശിക്കില്ലെന്നും പറഞ്ഞിരുന്നു.

ചില ആക്ടിവിസ്റ്റുകള്‍ പോയേക്കാം. എന്നാല്‍ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന ഒരു യുവതിയും ശബരിമലയില്‍ പോകില്ല. വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു ശബരിമല വിധി.ശ്രീനാരായണ ധര്‍മം പിന്തുടരുന്നവരാണ് ഞങ്ങള്‍. ആര്‍ത്തവത്തിന് ശേഷം ശുദ്ധിയോടെയും ഏഴ് ദിവസങ്ങള്‍ക്ക് ശേഷവും മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാവു എന്ന് ഗുരു സ്മൃതിയിലും പറയുന്നുണ്ട്. കേരളത്തിലുള്ളവരാരും പല്ല് തേക്കാതെയും കുളിക്കാതെയുമൊന്നും അമ്പലത്തില്‍ പോകാറില്ല. അത് പോലെ ഇതും ഒരു ആചാരമാണ്.

ഇത് അന്ധവിശ്വാസമൊന്നുമല്ല, ഇന്ത്യയുടെ വൈവിദ്ധ്യപൂര്‍ണമായ സംസ്‌കാരത്തിന്റെ ഒരു ഭാഗമാണ് ഇതും.നവോത്ഥാനത്തിന്റെ പേരില്‍ നമ്മള്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് എനിക്ക് തോന്നുന്നത്. ഇത് ഒരിക്കലും ശബരിമലയുമായി ബന്ധപ്പെട്ട് നടത്തുന്നതല്ല എന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും നല്ല സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കാനും ഇതിലൂടെ സാധിക്കുമെന്ന് കരുതി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ഇതില്‍ നിന്ന് മാറി നിന്നാല്‍ നാളത്തെ തലമുറ ചോദിക്കും ഗുരുവിന്റെ പേരിലുള്ള നവോത്ഥാനത്തില്‍ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന്.

എസ്എന്‍ഡിപി കൗണ്‍സിലും ബോര്‍ഡും ചേര്‍ന്നാണ് വനിത മതിലില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. യോഗത്തിന്റെ എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് തീര്‍ച്ചയായും ഇതില്‍ തീരുമാനമെടുക്കേണ്ടി വരും.ശബരിമലയില്‍ യുവതികളെ രഹസ്യമായി പ്രവേശിപ്പിക്കുന്നത് നവോത്ഥാനമല്ലെന്നാണ് പ്രീതി പറയുന്നത്. സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്നും തുറന്നടിക്കുന്നു. നേരത്തെ ബിഡിജെഎസ് നേതാവായ വെള്ളാപ്പള്ളിയുടെ മകന്‍ തുഷാറും സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രീതിയുടെ അഭിമുഖമെത്തുന്നത്. ഇതോടെ പിണറായി സര്‍ക്കാരിനെ ഇനി പിന്തുണയ്ക്കാനാവാത്ത സ്ഥിതിയില്‍ വെള്ളാപ്പള്ളിയും എത്തുകയാണ്.

യുവതി പ്രവേശനത്തിനെതിരെ നിരവധി സ്ത്രീകള്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും മുഖ്യമന്ത്രി ഇതൊന്നും മനസിലാക്കുന്നില്ല എന്നുള്ളത് വേദനാജനകമാണ്. ഒരു സ്ത്രീയെന്ന നിലയിലും വോട്ടവകാശം വിനിയോഗിക്കുന്ന വ്യക്തി എന്ന നിലയിലും, എനിക്കറിയാം നമ്മുടെ സംസ്ഥാനത്ത് ഒരു സ്ത്രീയ്ക്കും രാത്രിയില്‍ ഭയപ്പെടാതെ ഇറങ്ങി നടക്കാനാകില്ല. സ്ത്രീകള്‍ക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. അവര്‍ക്ക് ഇത് മുഖ്യ അജണ്ട ആക്കാമായിരുന്നില്ലേ. വനിത മതിലില്‍ പങ്കെടുക്കുമ്പോഴും ശബരിമല യുവതി പ്രവേശനത്തിന് ഞങ്ങള്‍ എതിരായിരുന്നു.

യോഗത്തിലെ നിരവധി സ്ത്രീകള്‍ ഇതില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു. ജനറല്‍ സെക്രട്ടറി വിളിച്ചത് കൊണ്ട് മാത്രമാണ് അവരെല്ലാം ഇതില്‍ പങ്കെടുക്കാനായി എത്തിയത്.വനിത മതിലിനെത്തിയപ്പോള്‍ അവരെന്നോട് പ്രതിജ്ഞ വായിക്കുവാന്‍ ആവശ്യപ്പെട്ടു. ഞാനാണ് വായിക്കുന്നതെന്ന കാര്യമൊന്നും മുന്‍കൂട്ടി പറഞ്ഞിരുന്നില്ല. അവിടെയെത്തിയപ്പോള്‍, സി.എസ്.സുജാത ഒരു പേപ്പര്‍ എന്റെ കയ്യില്‍ തരികയും വായിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യോജിക്കാന്‍ കഴിയാത്ത തരത്തില്‍ ഒന്നുമില്ലാത്തത് കൊണ്ട് ഞാന്‍ അത് വായിക്കുകയും ചെയ്തു.

ശബരിമലയെക്കുറിച്ചോ, യുവതിപ്രവേശത്തെ കുറിച്ചോ ഒരു വാക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഞാനതില്‍ പങ്കെടുക്കാതെ മടങ്ങുമായിരുന്നു.യുവതി പ്രവേശത്തിന് വേണ്ടിയുള്ള മതില്‍ ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളാരും പോകില്ലായിരുന്നു. മതിലിന് തൊട്ടടുത്ത ദിവസമാണ് ഒരു സ്ത്രീ കരഞ്ഞ് കൊണ്ട് എന്നെ വിളിക്കുന്നത്. യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചു എന്ന വാര്‍ത്തയായിരുന്നു അത്. യുവതി പ്രവേശനത്തിന് അവര്‍ സ്വീകരിച്ച നടപടികളും രീതികളുമെല്ലാം തെറ്റായിരുന്നു.നവോത്ഥാനം ഒരിക്കലും രഹസ്യമായി സാധ്യമാവുകയില്ല. തലയില്‍ തുണിയിട്ട് മുഖം മറച്ചാണ് യുവതികള്‍ സന്നിധാനത്തെത്തിയത്.

പല ക്ഷേത്രങ്ങളിലും ആചാരങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ട്. പക്ഷേ അത് വളരെ സാവധാനം മാത്രമേ സാധ്യമാകു. നിരവധി ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ശേഷം മാത്രമേ പല വിധികളും സാധ്യമായിട്ടുള്ളു. കഴിഞ്ഞ ദിവസത്തെ നടപടിക്ക് നമ്മള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്നത് സത്യമാണ്. എത്ര പേരെയാണ് ഈ നീക്കം ബാധിച്ചതെന്ന് നോക്കു. നിരവധി ആളുകള്‍ ഇപ്പോള്‍ ജയിലിലാണ്. രക്തച്ചൊരിച്ചില്‍ കൊണ്ട് ഒരിക്കലും നവോത്ഥാനം സാധ്യമാകില്ല. വനിതാ മതിലിലൂടെ ഉണ്ടായ സല്‍പേര് ശബരിമലയിലെ യുവതി പ്രവേശനത്തിലൂടെ മുഖ്യമന്ത്രി നഷ്ടമാക്കിയെന്നും പ്രീതി നടേശന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button