അതിശൈത്യം കേരളത്തിലേക്കും നേരിയ തോതില്‍ വ്യാപിക്കുന്നു. കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥാ സാഹചര്യം വിലയിരുത്തുമ്പോള്‍ അടുത്ത 4 ദിവസത്തേക്ക് കേരളത്തില്‍ രാത്രി കാലങ്ങളില്‍ തണുപ്പുകൂടുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിച്ചു. ഈ മാസം 7 വരെ കേരളത്തില്‍ വരണ്ട കാലാവസ്ഥയായിരിക്കും.
വടക്കന്‍ അഫ്ഗാനിസ്ഥാനും വടക്കന്‍ പാകിസ്താനും ജമ്മു കശ്മിരിനും സമീപത്തായി 5.8 കി.മി ഉയരത്തില്‍ രണ്ട് പശ്ചിമവാതം രൂപപ്പെട്ടിട്ടുണ്ട്. മെഡിറ്റേറിയന്‍ കടലില്‍ നിന്നുള്ള കാറ്റാണ് പശ്ചിമവാതം. തുര്‍ക്കി വഴിയെത്തുന്ന ഈ ഹിമക്കാറ്റ് ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് വഴി ഉത്തരേന്ത്യയിലേക്ക് വീശുന്നതാണ് കൊടുംശൈത്യത്തിന് കാരണം.
കഴിഞ്ഞ ദിവസം വരെ ഈ കാറ്റ് ദക്ഷിണേന്ത്യയിലേക്ക് വീശിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വടക്കുകിഴക്ക് ദിശയില്‍ നിന്നുള്ള കാറ്റ് വടക്കന്‍ തമിഴ്നാട് വഴി കേരളത്തിലേക്ക് വീശുന്നുണ്ട്. ബംഗളൂരു, ഊട്ടി, കൊടൈക്കനാല്‍, ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്നാട് എന്നിവിടങ്ങളില്‍ നിലവില്‍ ഉള്ളതു നിന്നും നാലു ഡിഗ്രിവരെ രാത്രി താപനില കുറയാം. എന്നാല്‍ കേരളത്തില്‍ ഈ സീസണിലെ സാധാരണ താപനിലയില്‍ നിന്ന് പരമാവധി രണ്ടു ഡിഗ്രിവരെ മാത്രമേ തണുപ്പ് കുറയാന്‍ സാധ്യതയുള്ളൂ.
കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം കോട്ടയത്താണ് ഏറ്റവും കൂടുതല്‍ തണുപ്പ്. രാത്രി താപനില സാധാരണയില്‍ നിന്ന് 4.5 ഡിഗ്രി കുറഞ്ഞ് ഇന്നലെ 17.2 ഡിഗ്രി കുറഞ്ഞ താപനില രേഖപ്പെടുത്തി. കരിപ്പൂരില്‍ 3 ഉം തിരുവനന്തപുരത്ത് 2 ഉം ഡിഗ്രി താപനില കുറഞ്ഞു.
Post Your Comments