KeralaLatest News

അനധികൃത കൈവശക്കാരെ ഒഴിപ്പിച്ചു

തിരുവനന്തപുരം•ശ്രീ ചിത്രാ ഹോമിന്റെ നിയന്ത്രണത്തില്‍ കുമാരപുരം ജംഗ്ഷനിലുള്ള സര്‍ക്കാര്‍ വസ്തുവില്‍ നിന്നും അനധികൃത കൈവശക്കാരെ ഒഴിപ്പിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവില്‍ ഈ കെട്ടിടത്തില്‍ കഴിയുന്ന റേഡിയേഷന്‍, കീമോ തെറാപ്പി തുടങ്ങിയ ചികിത്സകള്‍ക്ക് വന്ന നിര്‍ധന രോഗികളുടെയും കൂട്ടിനുവന്ന ബന്ധുക്കളുടെയും താത്കാലിക താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ ചെയ്തുനല്‍കാന്‍ ശ്രീ ചിത്ര ഹോം സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. ഈ സ്ഥലത്ത് രോഗീ സൗഹൃദ ബഹുനില താമസ സമുച്ചയവും നിര്‍ധനരായ മുതിര്‍ന്ന പെണ്‍കുട്ടികളുടെ സംരക്ഷണത്തിനുളള ആഫ്റ്റര്‍ കെയര്‍ ഹോം, അരക്ഷിതരായ അമ്മയും കുഞ്ഞിനുമുളള താത്കാലിക ഷെല്‍റ്റര്‍ എന്നിവയുള്‍പ്പെട്ട ഒരു ബഹുനില കെട്ടിടം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പട്ടം വില്ലേജില്‍ സര്‍വേ നമ്പര്‍ 502/02 ഉള്‍പ്പെട്ട ശ്രീചിത്ര ഹോമിന്റെ നിയന്ത്രണത്തില്‍ കുമാരപുരം ജംഗ്ഷനില്‍ ഉള്ള ഒരേക്കര്‍ സര്‍ക്കാര്‍ വസ്തുവിലെ 20 സെന്റ് വസ്തുവും കെട്ടിടങ്ങളും ‘ഗില്‍ഡ് ഓഫ് സര്‍വീസ്’ സംഘടനയാണ് അനധികൃതമായി കൈവശപ്പെടുത്തിയത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സബ് കളക്ടര്‍ ഇമ്പശേഖറിന്റെ നേത്യത്വത്തിലാണ് ഇവരെ ഒഴിപ്പിച്ച് ശ്രീ ചിത്ര ഹോമിന്റെ നിയന്ത്രണത്തില്‍ ഏല്‍പ്പിച്ചത്. 30ലേറെ വര്‍ഷം അനധികൃതമായി കൈവശം വച്ചിരുന്ന ഗില്‍ഡ് ഓഫ് സര്‍വീസ് സംഘടനയ്ക്കതിരെ പല തവണ ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കി കെട്ടിടവും വസ്തുവകകളും ശ്രീ ചിത്ര ഹോമിന് കൈമാറുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും നടത്തിപ്പുകാര്‍ കൂട്ടാക്കിയിരുന്നില്ല.

സര്‍ക്കാര്‍ വസ്തുവില്‍ അനധികൃത നടത്തിപ്പികാരുടെ നിയന്ത്രണമില്ലാത്ത പ്രവര്‍ത്തനങ്ങളെക്കുറിച്ചു നാട്ടുകാര്‍ വ്യാപകമായ പരാതികള്‍ മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി 2018 ജനുവരിയില്‍ തഹസില്‍ദാരും വില്ലജ് ഓഫീസറുമെത്തി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരുന്നുവെങ്കിലും പഴയ നടത്തിപ്പുകാര്‍ കെട്ടിടത്തില്‍ ഡാന്‍സ് പ്രാക്ടീസിന് തുറന്നു കൊടുക്കുകയും സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ചെറുക്കുവാന്‍ മെഡിക്കല്‍ കോളേജിലും ആര്‍.സി.സി.യിലും ചികിത്സയ്ക്ക് വരുന്ന 10 രോഗികളുടെ താത്കാലിക താമസത്തിന് സമീപ ദിവസങ്ങളില്‍ നല്‍കുകയും ചെയ്തിരുന്നു. ഇവരെ താത്ക്കാലികമായി സംരക്ഷിച്ചുകൊണ്ടാണ് വസ്തുവും കെട്ടിടവും ഏറ്റെടുത്തത്.

shortlink

Post Your Comments


Back to top button