തിരുവനന്തപുരം•സാമൂഹ്യനീതി വകുപ്പിന്റെ ശ്രീചിത്രാ ഹോമിലെ അന്തേവാസിയായ സുധിനയും വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സഞ്ജയ് ഭവനില്‍ പരേതനായ ചന്ദ്രന്‍നായരുടേയും കുമാരി ചന്ദ്രന്റേയും മകന് സഞ്ജയ് ചന്ദ്രനും വിവാഹിതരായി. ആരോഗ്യ സാമൂഹ്യ നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് വരന് താലിമാല കൈമാറിയത്. ശ്രീചിത്ര ഹോം ആഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മേയര്‍ വി.കെ. പ്രാശാന്ത്, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, സാമൂഹ്യനീതി വകുപ്പിലേയും മറ്റ് വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വധൂവരന്മാരെ മന്ത്രിയും മേയറും ആശീര്‍വദിച്ചു.
സുധിന 12 വര്‍ഷത്തോളമായി ശ്രീചിത്ര ഹോമില്‍ താമസിച്ചുവരുന്നു. പിതാവ് മരണപ്പെട്ടതോടെ സംരക്ഷിക്കാന്‍ ആരുമില്ലാതായതോടെയാണ് സുധിനയും സഹോദരി സൂര്യയും ശ്രീചിത്ര ഹോമില്‍ എത്തിയത്. സൂര്യയുടെ വിവാഹവും നടത്തിക്കൊടുത്തത് ശ്രീചിത്ര ഹോമാണ്. നിറമണ്‍കര എന്‍.എസ്.എസ്. കോളേജില്‍ നിന്നും എം.എ. മലയാളം വിജയിച്ച സുധിന ഇപ്പോള്‍ കാര്യവട്ടം കെ.യു.സി.ടി.ഇ.യില്‍ ബി.എഡിന് പഠിക്കുകയാണ്.
നിയമ പ്രകാരമുള്ള എല്ലാ അന്വേഷണവും നടത്തിയ ശേഷമാണ് സഞ്ജയ് ചന്ദ്രനുമായുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ സാമൂഹ്യനീതി വകുപ്പ് അംഗീകാരം നല്‍കിയത്. ശാസ്തമംഗലം, വെള്ളയമ്പലം ജംഗ്ഷനില്‍ സ്റ്റുഡിയോ (ഏഷ്യന്‍ സ്റ്റുഡിയോ) നടത്തി വരികയാണ് സഞ്ജയ് ചന്ദ്രന് (30). പിതാവായ ചന്ദ്രന് നായരില്‍ നിന്നാണ് ഈ സ്റ്റുഡിയോ സഞ്ജയ് ഏറ്റെടുത്തത്. ഈ വിവാഹം നടത്താന്‍ ഏറ്റവുമധികം താത്പര്യം കാണിച്ചത് അമ്മയായ കുമാരിയാണ്. ശ്രീചിത്ര ഹോമില്‍ നിന്നൊരു കുട്ടിയെ മകന് ഭാര്യയായി കിട്ടണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ഏക സഹോദരി സജിനയ്ക്കും ഈ വിവാഹത്തില്‍ താത്പര്യമുണ്ടായിരുന്നു. സാമ്പത്തിക പരിഗണന വേണ്ടെന്നും സഞ്ജയിന് നല്ലൊരു ഭാര്യയെ കിട്ടിയാല്‍ മതിയെന്നായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെയാണവര്‍ ശ്രീ ചിത്രയെ സമീപിച്ചത്. ഈ ആലോചനയില്‍ സുധിനയ്ക്കും താത്പര്യമുണ്ടായതിനെ തുടര്‍ന്ന് ശ്രീചിത്ര ഹോം അന്വേഷണത്തിന് ശേഷം അനുമതിയ്ക്കായി സര്‍ക്കാരിനെ സമീപിച്ചു. അങ്ങനെ സര്‍ക്കാരിന്റെ അനുമതി നേടിയ ശേഷമാണ് വിവാഹം നടന്നത്.
വിവാഹ സമ്മാനമായി ശ്രീചിത്ര ഹോം പൊതുജന പങ്കാളിത്തത്തോടെ 6 പവന്റെ സ്വര്‍ണാഭരണങ്ങള്‍ സുധീനയ്ക്ക് സമ്മാനിച്ചു.
Post Your Comments