തിരുവനന്തപുരം: അടിമുടിമാറ്റങ്ങള്‍ക്കൊരുങ്ങിയിരിക്കുകയാണ് രജിസ്‌ട്രേഷന്‍ വകുപ്പ്. ഇനിമുതല്‍ വസ്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോല്‍ വിരല്‍ തുമ്പില്‍ മഷിപുരട്ടി വിരലടയാളം വിരല്‍പതിപ്പ് പുസ്തകത്തില്‍ പതിക്കുന്ന പരമ്പരാഗത രീതിക്ക് വിരാമമിട്ടിരിക്കുകയാണ്. പകരം വിരലടയാളം രേഖപ്പെടുത്താന്‍ ബയോമെട്രിക് സംവിധാനം നടപ്പാക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ സംസ്ഥാനത്തെ 315 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും പുതിയ സമ്പ്രദായം നിലവില്‍ വരും.
ആധാരങ്ങളുടെ ശരിപ്പകര്‍പ്പ് ഫയല്‍ ചെയ്യുന്ന ഫയലിംഗ് ഷീറ്റുകളുടെ വലിപ്പം കുറയ്ക്കാനുള്ള തീരുമാനം ജനുവരി ഒന്നുമുതല്‍ നടപ്പില്‍ വന്നു. ശരിപ്പകര്‍പ്പുകള്‍ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാന്‍ വേണ്ടിയാണ് ഇത്. പത്തനംതിട്ട ജില്ലയില്‍ ഡിജിറ്റൈസ് നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായി. കാലപ്പഴക്കത്തില്‍ രേഖകള്‍ പൊടിഞ്ഞ് നഷ്ടപ്പെടാനുള്ള സാദ്ധ്യത ഇതോടെ ഇല്ലാതാവും. എ 3 വലിപ്പത്തിലുള്ള പേപ്പറാണ് ഇതിന് ഉപയോഗിച്ചിരുന്നത്. ഇത് സാധാരണ എഴുതാനുപയോഗിക്കുന്ന ഒരു പേപ്പറിന്റെ വലിപ്പത്തിലേക്ക് ചുരുങ്ങും.
സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സി.സി ടിവി കാമറ സ്ഥാപിക്കാനും തീരുമാനിച്ചു. നിരവധി അഴിമതി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനാണിത്. ആധാരം രജിസ്ട്രര്‍ ചെയ്യാനെത്തുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന നേട്ടവുമുണ്ട്.ബയോമെട്രിക് സംവിധാനം വരുന്നതോടെ വസ്തു കൈമാറ്റം ചെയ്യുന്ന വ്യക്തിയുടെ വിരലടയാളം കമ്പ്യൂട്ടര്‍ സഹായത്തോടെ കൈയില്‍ മഷിപുരട്ടാതെ നേരിട്ട് പ്രമാണത്തിലേക്കു പതിക്കുന്നതിന് പുറമെ, സെര്‍വറില്‍ സൂക്ഷിക്കാനും കഴിയും.
Post Your Comments