തിരുവനന്തപുരം•കോടതിവിധിയുടെ മറവിൽ അവിശ്വാസികളും ആക്ടിവിസ്റ്റുകളുമായ യുവതികളെക്കയറ്റി ആചാരാനുഷ്ഠാനങ്ങളില്‍ ഭംഗം വരുത്തി ശബരിമലയെ നശിപ്പിച്ചേ അടങ്ങൂവെന്ന സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് ദേവസ്വം മുന്‍മന്ത്രി വി.എസ്.ശിവകുമാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. പുനഃപരിശോധനാ ഹര്‍ജ്ജികളും സാവകാശഹര്‍ജ്ജിയും ഈ മാസം 22 ന് പരിഗണിക്കാനിരിക്കവെ കോടതിവിധിയുടെ മറവിൽ അവിശ്വാസികളായ യുവതികളെ ക്ഷണിച്ചുവരുത്തി മഫ്തി പോലീസിന്റെ സഹായത്താൽ തയ്യാറെടുപ്പുകൾ നടത്തി ശബരിമലയിലെത്തിക്കുന്നത് വിശ്വാസികളോട് കാണിക്കുന്ന വഞ്ചനയാണ്.
കേരളത്തിനകത്തും പുറത്തുമുള്ള ഭക്തജനങ്ങൾ വൈകാരികമായ ഭക്തി വിശ്വാസങ്ങളോടെയാണ് ശബരിമലയിൽ എത്തിച്ചേരുന്നത്. മകരവിളക്കിന് പത്തുദിവസം മാത്രം അവശേഷിക്കെ എന്ത് അടിസ്ഥാന സൗകര്യങ്ങളാണ് അവിടെ ഒരുക്കിയിരിക്കുന്നതെന്ന് ശിവകുമാർ ചോദിച്ചു. സർക്കാർ സംവിധാനവും പോലീസും ദേവസ്വംബോർഡും യുവതി പ്രവേശനവും അതുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങൾക്കും പുറകേയാണ്.
പ്രധാനപ്പെട്ട വ്യൂ പോയിന്റുകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇതുവരെ ഒരുക്കിയിട്ടില്ല. മകരവിളക്കിനു നട തുറന്നതിനു ശേഷം ദേവസ്വം ബോർഡ് അംഗങ്ങളോ, ഉത്തരവാദിത്വപ്പെട്ടവരോ, സന്നിധാനത്തോ, പമ്പയിലോ ഇല്ല . മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൂറിൽപരം ആളുകൾ മരണപ്പെട്ട പുല്ലുമേട് ദുരന്തം വീണ്ടും ആവർത്തിക്കാതിരിക്കാൻ ശക്തമായ തയ്യാറെടുപ്പുകളാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ നടത്തിയത്. അതിനുവേണ്ടി നിയോഗിച്ച ജസ്റ്റിസ് ഹരിഹരൻനായർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ മുഴുവൻ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയത് കൊണ്ട് അഞ്ചുവർഷക്കാലം അപകടരഹിതമായ തീർഥാടനകാലം ആയിരുന്നു. ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിച്ചേരുന്നത് മകരവിളക്ക് സമയത്താണ്. മകരജ്യോതി ദർശനത്തിനായി ദിവസങ്ങൾക്കുമുമ്പ് സന്നിധാനത്തും പരിസരത്തും ക്യാമ്പ് ചെയ്യുന്ന ലക്ഷക്കണക്കിന് അയ്യപ്പന്മാർക്ക് അപകടരഹിതമായ ദർശനം ഒരുക്കാൻ സർക്കാർ തയ്യാറാകണം.
ശബരിമലയിൽ എപ്പോഴൊക്കെ ആചാരലംഘനം ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ക്ഷേത്രതന്ത്രിയുടെ നിർദ്ദേശപ്രകാരം ശുദ്ധിക്രിയകൾ നടത്തുന്നത് സാധാരണ നടപടിക്രമം മാത്രമാണ്. ഇക്കാര്യം ദേവസ്വംബോർഡ് മാന്വലിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. തന്ത്രിയെ മാറ്റുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. തന്ത്രിയെന്നാൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനല്ല. മറിച്ച് ശബരിമല ക്ഷേത്രത്തിലെ താന്ത്രിക കർമ്മങ്ങൾ നടത്താൻ തലമുറകളായി അവകാശപ്പെട്ടവരാണ്. ആചാരകർമ്മങ്ങളിൽ തന്ത്രിയാണ് പരമാധികാരിയെന്ന് ഗുരുവായൂർ കേസിൽ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. സുപ്രീംകോടതിയും ആയത് ശരിവെച്ചിട്ടുണ്ട്. അതിലുപരി ആക്ടനുസരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഭരണനിർവഹണത്തിലോ, ദൈനംദിനപ്രവർത്തനങ്ങളിലോ, പ്രത്യക്ഷമായോ പരോക്ഷമായോ സർക്കാർ ഇടപെടരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്ത്രിയെ മാറ്റാൻ മുഖ്യമന്ത്രിക്കോ ദേവസ്വം ബോർഡിനോ അധികാരമില്ലായെന്നും ശിവകുമാർ പറഞ്ഞു
Post Your Comments