തിരുവനന്തപുരം : തന്റെ ജാതി സംബന്ധിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പിണറായിയുടെ പ്രതികരണം.
‘ഞാനും ചെത്തുജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്തുചെയ്യാം. കാലം മാറിപ്പോയില്ലേ എന്നേ അവരോടു പറയാനുള്ളൂ’
എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം കേള്‍ക്കുന്നു. അവര്‍ പറയട്ടെ. ഇപ്പോള്‍ ജാതി കൂടി പറയുന്നു. അതൊരു പുതിയ വിദ്യയാണ്. ഞാന്‍ ഏത് ജാതിയില്‍ ആയിരുന്നുവെന്നു അവര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
പണ്ട് ചാതുര്‍വര്‍ണ്ണ്യം നിലനിന്ന കാലത്ത് ഇന്നജാതിയില്‍ പെട്ടയാള്‍ ഇന്ന ജോലിയേ എടുക്കാന്‍ പാടുള്ളൂ എന്നുണ്ടായിരുന്നു. ഞാന്‍ പലപ്പോഴും പറയാറുള്ളതുപോലെ എന്റെ അച്ഛന്‍ ചെത്തുതൊഴിലാളിയായിരുന്നു.ചേട്ടന്‍മാര്‍ ചെത്തു തൊഴിലാളികളായിരുന്നു. അതു കൊണ്ട് വിജയനും അതേ ജോലിയേ എടുക്കാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും . പറഞ്ഞിട്ടെന്തുകാര്യം ആ കാലം മാറിപ്പോയില്ലേ. പുതിയ കാലമല്ലേ . അത് ഈ പറയുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.’എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Post Your Comments