അബുദാബി : യുഎഇയില്‍ വാര്‍ഷികാവധിക്കു പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍വന്നു. വാര്‍ഷികാവധി, രോഗാവധി, പ്രസവാവധി, പുരുഷന്മാര്‍ക്കുള്ള പറ്റേണിറ്റി ലീവ്, ദുഃഖാചരണം, മരണം എന്നിവയുമായി ബന്ധപ്പെട്ട അവധി, ഹജ് ലീവ്, പ്രധാനപരിപാടികളില്‍ പങ്കെടുക്കാനുള്ള ലീവ്, രോഗിയെ അനുഗമിക്കാനുള്ള ലീവ്, സ്റ്റഡി ലീവ്, ജീവിത പങ്കാളിക്കുവേണ്ടിയുള്ള ലീവ്, ശമ്പളമില്ലാത്ത അവധി, സര്‍ക്കാര്‍ സേവനത്തിനുള്ള ലീവ് എന്നിങ്ങനെയാണു തരംതിരിച്ചിരിക്കുന്നത്.
ശമ്പളത്തോടുകൂടിയ വാര്‍ഷികാവധി ദിനങ്ങളില്‍ ജീവനക്കാരുടെ ഗ്രേഡനുസരിച്ച് ഇനി ഏറ്റക്കുറച്ചിലുണ്ടാകും. 18 മുതല്‍ 30 ദിവസം വരെയാണു വാര്‍ഷികാവധി ലഭിക്കുക. പുതിയ മാനവശേഷി നിയമം വര്‍ഷത്തില്‍ എടുക്കാവുന്ന അവധികളെ 12 ഇനമാക്കി തിരിക്കുകയും ചെയ്തു.
യുഎഇ തൊഴില്‍ നിയമം അനുസരിച്ച് ഫുള്‍ടൈം ജീവനക്കാര്‍ ജോലിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ വാര്‍ഷിക അവധിക്ക് അര്‍ഹരാണ്. 12ന് മുകളില്‍ ഗ്രേഡുള്ള ജീവനക്കാര്‍ക്കു 30 ദിവസത്തെ അവധി ലഭിക്കും. നാലു മുതല്‍ 11 വരെ ഗ്രേഡുള്ളവര്‍ക്ക് 25 ദിവസവും മൂന്നും അതിന് താഴെയും ഗ്രേഡുള്ളവര്‍ക്ക് 18 ദിവസവുമായിരിക്കും അവധി. ജോലി മതിയാക്കി പോകുന്നയാള്‍ക്ക് ആ വര്‍ഷത്തില്‍ അതുവരെ ജോലി ചെയ്ത ദിവസം കണക്കാക്കി വാര്‍ഷിക അവധി നല്‍കണം.
ഇവര്‍ രണ്ടോ അതില്‍കൂടുതലോ വര്‍ഷത്തെ സേവനമുള്ളവരാണെങ്കില്‍ നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നല്‍കണം. വാര്‍ഷികാവധി എപ്പോള്‍ എടുക്കണമെന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാമെങ്കിലും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്തവിധം മാറ്റം വരുത്താനോ രണ്ടു തവണയാക്കാനോ കമ്പനിക്ക് അധികാരമുണ്ടായിരിക്കും. വാര്‍ഷിക അവധിക്കാലത്തു വരുന്ന പൊതു അവധി പ്രത്യേകമായി എടുക്കാനാവില്ല. അവധിക്കാലത്തു രോഗിയാകുകയാണെങ്കില്‍ വിവരം കമ്പനിയെ അറിയിക്കുകയും മെഡിക്കല്‍ രേഖകള്‍ സൂക്ഷിച്ചുവയ്ക്കുകയും വേണം.
വാര്‍ഷികാവധിയോടൊപ്പം അധികമായെടുക്കുന്ന ലീവിന് ശമ്പളം ഉണ്ടായിരിക്കില്ല. അവധിക്കാലത്ത് ജീവനക്കാരെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ലെന്നും അങ്ങനെ ചെയ്താല്‍ കമ്പനിക്കെതിരെ പരാതി നല്‍കാവുന്നതാണെന്നും വ്യക്തമാക്കുന്നു. വാര്‍ഷികാവധിക്കിടയില്‍ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. അങ്ങനെ ചെയ്താല്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാന്‍ കമ്പനിക്ക് അധികാരമുണ്ടായിരിക്കും.അവധിക്കാലത്ത് ജോലി ചെയ്താല്‍ അധിക വേതനം നല്‍കുകയും വേണം.
പ്രൊബേഷനറി കാലത്ത് അസുഖാവധിക്ക് അര്‍ഹതയില്ല. ഇതിനുശേഷം വര്‍ഷത്തില്‍ 90 ദിവസം വരെ ഒന്നിച്ചോ വിവിധ ഘട്ടങ്ങളിലായോ അവധിയെടുക്കാം. ആദ്യത്തെ 15 ദിവസത്തിന് മുഴുവന്‍ ശമ്പളവും പിന്നീടുള്ള 30 ദിവസത്തിന് പകുതി ശമ്പളവും ലഭിക്കും. ശേഷിച്ച 45 ദിവസം ശമ്പളമില്ലാത്ത അവധിയുമായിരിക്കും. എന്നാല്‍ രോഗാവധി അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കാനാവില്ല. വാര്‍ഷികാവധിക്കാലത്ത് ശമ്പളത്തിനു പുറമെ ഹൗസിങ് അലവന്‍സിന് അര്‍ഹരായിരിക്കുമെന്നും വ്യക്തമാക്കുന്നു.
Post Your Comments