Latest NewsGulf

ഹൂതികള്‍ പിന്‍മാറുന്നു; സമാധാനം വീണ്ടെടുത്ത് യമന്‍

യമന്‍: ഹൂതികള്‍ പിന്‍മാറാനൊരുങ്ങുന്നതോടെ യമനിലെ ഹുദൈദ മേഖല നാവിക സേന ഏറ്റെടുക്കുന്നു. യുഎന്‍ മധ്യസ്ഥതയില്‍ സര്‍ക്കാറുമായുണ്ടാക്കിയ ധാരണയിലാണ് ഹൂതികള്‍ പിന്മാറ്റം തുടങ്ങിയത്.

2011ലാണ് അലി അബ്ദുല്ല സാലിഹ് സര്‍ക്കാരിനെതിരേ യമനിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. രാജ്യം നേരിടുന്ന കൊടും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭരണത്തിലെ അഴിമതിയും ജനങ്ങളെ ഭരണകൂടത്തിനെതിരേ തിരിച്ചു. എന്നാല്‍ അബ്ദുല്ല സാലിഹ് ഭരണത്തില്‍നിന്നു പുറത്തായി. 2014ല്‍ സാലിഹിന്റെ സഹായത്തോടെ രാജ്യത്തെ വിമതരായ ഹൂതികള്‍ സന്‍ആ നഗരം കീഴടക്കി. തുടര്‍ന്ന് രാജ്യം മുഴവന്‍ ഹൂതികളുടെ നിയന്ത്രണത്തിലായെന്നു സ്വയം പ്രഖ്യാപിച്ചു. ഇത് യുദ്ധത്തിന് തുടക്കമിടുകയായിരുന്നു.

ഹുദൈദ ഹൂതി നിയന്ത്രണത്തിലായ ശേഷം നിര്‍ത്തിവെച്ച ജീവനക്കാര്‍ക്കുള്ള ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ രണ്ടു ദിനം മുന്‍പ് സമ്മതിച്ചിരുന്നു. മേഖലയുടെ നിയന്ത്രണം സര്‍ക്കാര്‍ നാവികസേനക്ക് നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഇരു കക്ഷികള്‍ക്കുമിടയില്‍ വിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ തീരുമാനം യു.എന്‍ പ്രഖ്യാപിച്ചത്. ഇതിനിടെ ഹൂതികള്‍ നിരവധി തവണ കരാര്‍ ലംഘിച്ചതായി സൗദി സഖ്യസേന റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹൂതികളുടെ പിന്‍മാറ്റ തീരുമാനം വന്നതോടെ സന്‍ആ-ഹുദൈദ പാതകളും തുറക്കാന്‍ കഴിഞ്ഞ ദിവസം ധാരണയായി. ഇതിന്റെ ഭാഗമായി തലസ്ഥാന നഗരമായ സന്‍ആയിലേക്കുള്ള പ്രധാന പാത ഭാഗികമായി തുറന്നു. വഴി നീളെ ഹൂതികള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചതിനാല്‍ ഇവ നീക്കിയാണ് ഗതാഗതം പുനസ്ഥാപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button