KeralaLatest News

ഓപ്പറേഷന്‍ പനേല: ഇതര സംസ്ഥാന ശര്‍ക്കരയില്‍ വ്യാപക മായമെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം•സംസ്ഥാന വിപണിയില്‍ ലഭ്യമായിട്ടുള്ള ശര്‍ക്കരയിലെ മായം കണ്ടെത്താനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷന്‍ പനേല’യില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നല്ലൊരു ശതമാനം ശര്‍ക്കരയിലും മായം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തല്‍. 14 ജില്ലകളിലെയും ഭക്ഷ്യസുരക്ഷ കമ്മീഷണര്‍മാരെ ഉള്‍പ്പെടുത്തി വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങളും കൃത്രിമനിറങ്ങളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുള്ളതായി സമീപകാലത്തെ രാസപരിശോധന റിപ്പോര്‍ട്ടുകളില്‍ നിന്നും സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഓപ്പറേഷന്‍ പനേല രൂപീകരിച്ചത്.

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ള ശര്‍ക്കര വിപണിയില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്യുന്നതിനും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പു വരുത്തുന്നതിനുമുള്ള കര്‍ശന നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്ന് ലഭ്യമായിട്ടുള്ള നല്ലൊരു ശതമാനം ശര്‍ക്കരയിലും ടാര്‍ട്രസീന്‍, സണ്‍സെറ്റ് എല്ലോ, റോഡമീന്‍, ബില്യന്റ് ബ്ലൂ, കാര്‍മോയിസിന്‍ തുടങ്ങിയ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതായാണ് പരിശോധനകളില്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് ഭക്ഷ്യസുരക്ഷാ നിയമത്തിന്റേയും ചട്ടങ്ങളുടെയും ഗുരുതരമായ ലംഘനമായതിനാല്‍ ശക്തമായ നടപടിയ്‌ക്കൊരുങ്ങുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന ശര്‍ക്കരയുടെ നിര്‍മ്മാണം മുതലുള്ള ഘട്ടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിനും ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകള്‍ ഉണ്ടാക്കുന്നതിനും അടക്കമുള്ള നടപടികള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷ വിഭാഗവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരികയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button