തിരുവനന്തപുരം: വനിതാ മതിലില്‍ എന്‍എസ്എസിന്റെ നിലാപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പജ്യോതിയെ അനുകൂലിച്ച എന്‍എസ്എസ് വനിതാ മതിലിനെ എതിര്‍ക്കുന്നു. വര്‍ഗീയതാ വിരുദ്ധതയില്‍ ഏതില്‍ നിന്നാല്ലാമുള്ള സമദൂരമാണെന്ന് എന്‍എസ്എസ് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന ബാധ്യത സര്‍ക്കാരിനുണ്ട്. കൂടാതെ വനിതാ മതില്‍ അനിവാര്യമാണെന്നും സ്ത്രീ ശാക്തീകരണം വര്‍ഗ സമരത്തിന്റെ ഭാഗം തന്നെയാണ്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകള്‍ക്ക് നവോത്ഥാന വിരുദ്ധരായി മാറാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ വനിതാ മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രചരണത്തിനെതിരായാണ് വനിതാ മതിലെന്ന് ആശയം ഉരുത്തിരിഞ്ഞത്. ശബരിമല വിധിക്കെതിരായി നവോത്ഥാന പാരമ്പര്യം തകര്‍ക്കാനുള്ള ശ്രമം സംഘപരിവാര്‍ നടത്തി. ഒരു കൂട്ടം സ്ത്രീകളെ നിരത്തിലിറക്കി മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് തന്നെ വനിതാ മതില്‍ അനിവാര്യമാണ്- മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments