തൃശൂർ : ക്രിസ്തുമസ് സമ്മാനത്തിന്റെ പേരിൽ തട്ടിപ്പ്. ആഡംബര ഫോണും ലാപ്ടോപ് കമ്പ്യൂട്ടറും വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. തൃശൂർ സ്വദേശികളായ രണ്ടുപേർക്ക് 19,000 രൂപവീതം നഷ്ടപ്പെട്ടു. സമ്മാനങ്ങളടങ്ങുന്ന പാഴ്സൽ കൈപ്പറ്റാൻ പ്രോസസിങ് ഫീസ് ഇനത്തിൽ പണം കൈമാറിയവരാണ് വഞ്ചിക്കപ്പെട്ടത്.
പാഴ്സലിനുള്ളിൽ 12 ലക്ഷം രൂപയുടെ വിദേശ കറൻസിയുണ്ടെന്നും ഇതിനു നികുതിയിനത്തിൽ 59,000 രൂപ കൂടി നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടിരുന്നു. തൃശൂർ സ്വദേശികളായ യുവതിയും യുവാവുമാണ് ചതിക്കുഴിയിൽ വീണത്. രണ്ടുമാസം മുൻപ് ഇരുവരും ഇംഗ്ലണ്ടിൽ നിന്നുള്ള യുവാവുമായി ഫെയ്സ്ബുക്കിലൂടെ പരിചയത്തിലായി. സൗഹൃദം വളർന്നതോടെ ക്രിസ്തുമസ് സമ്മാനമായി ആഡംബര ഫോണും ലാപ്ടോപ്പും അടക്കം വിലപിടിച്ച വസ്തുക്കൾ അയച്ചു നൽകാമെന്നു വാഗ്ദാനം ലഭിച്ചു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം സമ്മാനങ്ങളടങ്ങുന്ന പാഴ്സൽ വിമാനമാർഗം ഡൽഹി വിമാനത്താവളത്തിലെത്തിയതായി വിവരം ലഭിച്ചു. പ്രൊസസിങ് ഫീസ് ഇനത്തിൽ 19,000 രൂപ അടയ്ക്കണമെന്നു നിർദേശം ലഭിച്ചു.ഇതനുസരിച്ച് പണം ബാങ്ക് അക്കൗണ്ടിലേക്കു കൈമാറി.
പിന്നാലെ ഡൽഹി കസ്റ്റംസ് ഓഫിസിൽ നിന്നാണെന്നു പറഞ്ഞു ഫോൺ വന്നു. പാഴ്സലിനുള്ളിൽ 12 ലക്ഷം രൂപയുടെ വിദേശ കറൻസിയുണ്ടെന്നും നികുതി ഇനത്തിൽ 59,000 രൂപ അടച്ചാലേ പാഴ്സൽ നൽകാനാകൂ എന്നും നിർദേശമുണ്ടായി. സംശയം തോന്നി കൂടുതൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്നു ബോധ്യപ്പെട്ടത്.
Post Your Comments