Latest NewsArticle

സഖാക്കള്‍ക്കറിയാം മതിലുകെട്ടാന്‍ നല്ലത് കേരളം തന്നെയാണെന്ന്

അത്താഴപ്പട്ടിണിക്കാരാണ് തൊഴിലുറപ്പ് തൊഴിലാളികളില്‍ പകുതിയിലേറെയും. കുടുംബശ്രീ യൂണിറ്റുകളിലുമുണ്ടാകും ഇത്തരത്തില്‍ ഒഗു ഗതിയും പരഗതിയുമില്ലാത്ത കുറെ പാവങ്ങള്‍. ഇവരൊക്കെ വനിതാമതിലിന് മുന്നോടിയായി നടക്കുന്ന ജാഥകളില്‍ നിര്‍വികാരരായി നടന്നു നീങ്ങുന്നത് കാണുമ്പോള്‍ നവോത്ഥാനമതിലിന്റെ സംഘാടകരോട് സഹതാപമാണ് തോന്നുന്നത്. മതിലില്‍ പങ്കെടുക്കാന്‍ ആരെയയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് പറയുന്നുണ്ട്. ശരിയാണ് നിര്‍ബന്ധിച്ചല്ല ഭീഷണിപ്പെടുത്തിയാണ് സ്ത്രീകളെ അണിനിരത്താന്‍ പോകുന്നതെന്ന് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ പൊതുജനത്തിനുണ്ടെന്ന് നവോത്ഥാനക്കാര്‍ മറന്നുപോകരുത്.

എന്തിനാണ് ഈ വനിതാമതിലെന്ന് സംഘാടകര്‍ക്ക് തന്നെ നിശ്ചയമില്ലാതെ പോയെന്ന് കരുതേണ്ടിയിരിക്കുന്നു. സമത്വവും അനാചാരങ്ങളിലേക്കുള്ള തിരിച്ചുപോക്കലുമല്ല അതെന്ന് ആവര്‍ത്തിച്ച് പറയുന്നവര്‍ എന്തിനാണ് പിരിവ് നടത്തിയും വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും തൊഴിലുറപ്പ് -കുടുംബശ്രീ അംഗങ്ങളെ മതിലാക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണം. യാഥാസ്ഥിതിക കുടുംബങ്ങളിലെ ‘കണ്ടീഷന്‍’ ചെയ്യപ്പെട്ട് ജീവിക്കുന്ന സ്ത്രീകളൊക്കെ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചവരല്ലെന്നും എല്ലാവരും വിപ്ലവത്തിന്റെയും ചുംബനസമരത്തിന്റെയും പാതയില്‍ അണിനിരക്കണമെന്നുമാണ് ചുരുക്കത്തില്‍ സര്‍ക്കാര്‍ പറയാതെ പറയുന്നത്.

നവോത്ഥാനം എന്നതിന്റെ നിര്‍വചനം എന്താണെന്ന് മനസിലാകാഞ്ഞിട്ടാകും ഭൂരിഭാഗം സ്ത്രീകളും മതിലാകാന്‍ വിസമ്മതിച്ച് വിളക്ക് കത്തിക്കാന്‍ പോകുന്നത്. പാര്‍ട്ടി ക്ലാസുകള്‍ നടത്തി പ്രവര്‍ത്തകരെ ബോധവത്കരിക്കുന്നതുപോലെ വിളക്കുകൊളുത്തിയും നാമം ചൊല്ലിയും നടക്കുന്ന സ്ത്രീകളെയും ബോധവത്കരിക്കണം. കാഴ്ച്ച നഷ്ടപ്പെട്ട് ഇരുണ്ട യുഗങ്ങളിലേക്ക് യാത്രയാകുന്ന ആ പാവങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൊണ്ട് എന്ത് കാര്യം. സ്ത്രീസമത്വം, ശബരിമല പ്രശ്നം ഇവയുമായൊന്നും വനിതാമതിലിന് ബന്ധമില്ലത്രെ. പിന്നെന്തുമായാണ് ബന്ധമെന്ന് തെളിച്ചങ്ങ് പറയുന്നുമില്ല. ശബരിമല വിഷയവും മതിലുമായി യാതൊരു ബന്ധവുമില്ലെന്നും അതിനൊക്കെ അപ്പുറം വിശാലമായ ഒരു മുഖമാണ് അതിനുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുമ്പോള്‍ അതെന്ത് സംഭവമാണെന്ന് കേരളത്തിലെ നവോത്ഥാനമറിയാത്ത പെണ്ണുങ്ങള്‍ക്ക് മനസിലാകുന്നുമില്ല.

സ്ത്രീശാക്തീകരണത്തിനുള്ള ഫണ്ട് തൊടില്ലെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. പക്ഷേ കോടതിയില്‍ ചെന്നപ്പോള്‍ അത് മാറി. കോടതിക്ക് പുറത്തിറങ്ങിയപ്പോള്‍ പിന്നെയും മാറി. അല്ല നേതാക്കളെ നിങ്ങള്‍ എന്തെങ്കിലുമൊന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് അതില്‍ പിടിച്ചുനില്‍ക്കാമായിരുന്നെന്ന് പാര്‍ട്ടിക്കാരും രഹസ്യമായി ആവശ്യപ്പെടുന്നുണ്ട്. ചുരുക്കത്തില്‍ വനിതാമതിലിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുമ്പോള്‍ പരസ്യമായി പിന്തുണ നല്‍കാന്‍ മടിക്കുകയാണ് പ്രമുഖ വനിതാരത്നങ്ങളും. പാര്‍ട്ടിക്കുള്ളില്‍ പോലും വേണ്ട രീതിയില്‍ വനിതകളോട് നീതി പുലര്‍ത്താന്‍ കഴിയാത്തവരാണ് സമൂഹം മുഴുവന്‍ അതുണ്ടാകണമെന്ന് വാദിക്കുന്നത്. ശശിക്കെതിരെ പരാതി നല്‍കി ശശിയായ വനിതാ നേതാവിന് ഈ മതിലിനെക്കുറിച്ച് എന്താണാവോ അഭിപ്രായം. നവോത്ഥാനത്തിന്റെ പേരില്‍ കുറെ സ്ത്രീകളെ പറഞ്ഞിളക്കി പാര്‍ട്ടി അനുയായികളാക്കി മറ്റുന്നതാണ് പുരോഗമനവും പരിഷ്‌കാരവുമെങ്കില്‍ അതിന്റെ ഭാഗമാകാന്‍ പുറപ്പെടുന്നവരുടെ മാനസിക വികാസം എത്രത്തോളമുണ്ടാകും.

്ശബരിമലവിഷയത്തില്‍ കരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിലും അലയടിച്ച സ്ത്രീകൂട്ടായ്മയുടെ കാഴ്ച്ചയിലുണ്ടായ അസഹിഷ്ണുതയാണ് നവോത്ഥാനമതിലിന് പിന്നില്‍. അസഹിഷ്ണുതയുടെ ഈ വന്‍മതില്‍ പ്രത്യക്ഷമായും പരോക്ഷമായും മലയാളിയെ രണ്ടാക്കുന്ന കാഴ്ച്ച ആരും കാണുന്നില്ലേ.. സാംസ്‌കാരികമായുംം സാമൂഹികമായും വിദ്യാഭ്യാസപരമായും രാജ്യത്ത് തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്താണ് നവോത്ഥാനത്തിന്റെ കാഹളം മുഴങ്ങുന്നത്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വോരോടിക്കിടക്കുന്ന എത്രയോ സംസ്ഥാനങ്ങല്‍ രാജ്യത്ത് വേറെയുണ്ട്. പതിറ്റാണ്ടുകള്‍ ഭരിച്ചുതകര്‍ത്തിട്ടും പശ്ചിമബംഗാളില്‍ എന്തേ നവോത്ഥാനചിന്ത പ്രവര്‍ത്തിച്ചില്ല. കേരളത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ലൈംഗികാതിക്രമം തന്നെയാണ്. സുരക്ഷിതമായി ഇരിക്കാനും നടക്കാനും ഉറങ്ങാനും ഉറപ്പ് നല്‍കുന്ന ഒരു ഭരണകൂടവും അതിന് അവള്‍ക്ക് അവകാശം നല്‍കുന്ന സമൂഹവുമാണ് സൃഷ്ടിക്കപ്പെടേണ്ടത്. മതില്‍ കെട്ടിയിട്ടോ തകര്‍ത്തിട്ടോ നേടിയെടുക്കേണ്ടത് അതാണ്. അങ്ങനെയൊരു ഉദ്ദേശത്തേടുകൂടി നടപ്പിലാക്കുന്ന ഒരു നവോത്ഥാന മതിലുണ്ടെങ്കില്‍ സംശയിക്കേണ്ട കേരളത്തില്‍ വിളക്ക് പിടിച്ചവരും പിടിക്കാത്തവരുമായ എല്ലാ സ്ത്രീകളും ആ മതിലില്‍ അണിനിരക്കാന്‍ മുന്നിലുണ്ടാകും.

shortlink

Post Your Comments


Back to top button