കോഴിക്കോട് : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളത്. ഇതേത്തുടർന്ന് ഇവിടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മൂന്ന് ജില്ലാ പോലീസ് മേധാവികൾക്കും നിർദേശംനൽകി.
മൂന്ന് ജില്ലകളിലും ബി.ജെ.പി., സംഘപരിവാർ നേതാക്കളുടെയും സജീവ പ്രവർത്തകരുടെയും നീക്കങ്ങൾ നിരീക്ഷിക്കാനും നിർദേശമുണ്ട്. മതിലിൽ പങ്കെടുക്കാൻ വയനാട്ടിൽനിന്നെത്തുന്നവരെയും നിരീക്ഷിക്കും. അയ്യപ്പ ജ്യോതി നടന്ന സമയം ഈ ജില്ലകളിൽ സംഘർഷം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്.
കാസർകോട് മഞ്ചേശ്വരം, ആദൂർ, ബേക്കൽ, അമ്പലത്തറ, വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധികളിലെ 74 ഇടങ്ങളിലാണ് അതിശ്രദ്ധ വേണ്ടത്. കണ്ണൂർ ജില്ലയിൽ കരിവെള്ളൂർ, കോത്തായിമുക്ക്, അന്നൂര്‍, കണ്ടോത്ത്പറമ്പ്, തലായി, സെയ്താർപള്ളി എന്നിങ്ങനെ ആറിടത്താണ് നിരീക്ഷണം. കോഴിക്കോട് റൂറലിൽ അഴിയൂർ, കുഞ്ഞിപ്പള്ളി, മുക്കാളി, പാലയാട്ടുനട, ബ്രദേഴ്‌സ് ബസ് സ്റ്റോപ്പ്, പയ്യോളിയും പരിസര പ്രദേശങ്ങളും എന്നിവയാണ് കൂടുതൽ ശ്രദ്ധിക്കേണ്ട സ്ഥലങ്ങൾ.
https://youtu.be/xLA_s0n1V6c
Post Your Comments