നോയിഡ: സ്ത്രീധന പ്രശ്‌നത്തിൽ ഭർതൃമാതാവ് യുവതിയെ തീകൊളുത്തി. ചഞ്ചല്‍(30)എന്ന യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ചഞ്ചലിന്റെ ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള കലുപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് പ്രതിയായ രാജ്കുമാരി ഒളിവിൽ കഴിയുകയാണ്. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ചഞ്ചലിന്റെ സഹോദരന്‍ യശ്പാൽ ശർമ്മ നല്‍കിയ പരാതിയുടെ അടിസഥാനത്തിലാണ് പോലീസ് കേസെടുത്തത്.
2010ലാണ് ഇതേ ഗ്രാമത്തിലെ തന്നെ ത്രിഭൂവൻ എന്ന യുവാവുമായി ചഞ്ചലിന്റെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം ത്രിഭൂവന് പുതിയ ബിസിനസ് തുടങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപ ചഞ്ചലിനോട് ആവശ്യപ്പെട്ടു. എന്നാൽ തുക നൽകാൻ സാധിക്കാത്തതിനാൽ രാജ്കുമാരി ചഞ്ചലിനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങി. ശേഷം ഡിസംബർ 25ന് ഇക്കാര്യം ആവശ്യപ്പെട്ട് അമ്മായിയമ്മ വഴക്കുണ്ടാക്കുകയും രോക്ഷം പൂണ്ട് യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ചഞ്ചലിനെ ആശുപത്രിയിൽ എത്തിച്ചത്.
കേസിൽ ഭർത്താവ് ത്രിഭൂവന്‍, പിതാവ് പ്രകാശ്, രാജ് കുമാരി,ഭര്‍ത്തൃ സഹോദരന്‍ സോനു എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments