കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസുകളിൽ നിന്നും മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു കുടുംബശ്രീ സി.ഡി.എസ്സിന് പരമാവധി രണ്ട് കോടി രൂപ വരെ വ്യവസ്ഥകൾക്ക് വിധേയമായി വായ്പ അനുവദിക്കും. 75 ശതമാനമെങ്കിലും ഒ.ബി.സി അല്ലെങ്കിൽ മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട (മുസ്ലീം, ക്രിസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധ, സിഖ്) അംഗങ്ങളുള്ള അയൽക്കൂട്ടങ്ങൾ/ജെഎൽജി കൾ എന്നിവയ്ക്കാണ് വായ്പാവിതരണം ചെയ്യേണ്ടത്. വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത/ ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് വായ്പ വിനിയോഗിക്കണം. അയൽക്കൂട്ടങ്ങൾക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെയും ജെഎൽജി കൾക്ക് രണ്ടര ലക്ഷം രൂപ വരെയും വായ്പ അനുവദിക്കും. വ്യക്തിഗത ഗുണഭോക്താവിന്റെ വായ്പാപരിധി 60,000 രൂപയാണ്. സി.ഡി.എസ്സിന് രണ്ടര മുതൽ മൂന്നര ശതമാനം വരെ വാർഷിക പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പ അയൽക്കൂട്ടങ്ങൾക്ക്/ ജെഎൽജി കൾ/ വ്യക്തിഗത ഗുണഭോക്താക്കൾ എന്നിവർക്ക് നാല് മുതൽ അഞ്ച് ശതമാനം വരെ പലിശനിരക്കിൽ വിതരണം ചെയ്യണം. തിരിച്ചടവ് കാലാവധി 36 മാസം. പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രാഥമിക അപേക്ഷ കോർപ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകളിൽ ജനുവരി 19 നകം സമർപ്പിക്കണം. ഈ സാമ്പത്തികവർഷം 100 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.
Post Your Comments