തിരുവനന്തപുരം: കാന്‍സര്‍ രോഗത്തിന്റെ വ്യാപനം ഗൗരവമായി കാണണമെന്നും രോഗപ്രതിരോധത്തില്‍ ഊന്നല്‍ നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാരോഗ്യകേന്ദ്രങ്ങളിലൂടെ പ്രാഥമിക രോഗനിര്‍ണയത്തിന് ഇപ്പോള്‍ അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട്സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.സി.സിയിലെ പുതിയ മന്ദിരം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ്് ലക്ഷ്യം. കാന്‍സര്‍രോഗത്തിന്റെ വ്യാപനത്തിനും ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നതിനും എതിരെ ബോധവത്കരണവും പ്രതിരോധനടപടികള്‍ വേണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. രോഗത്തിനിടയാകുന്ന ഘടകങ്ങള്‍ സംബന്ധിച്ച് കൃത്യമായ അവബോധമുണ്ടാക്കണം. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളുടെയും ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. മികച്ച രീതിയിലുളള ഒ.പി സൗകര്യവും വര്‍ധിപ്പിച്ചു. താഴേത്തട്ടില്‍ വില്ലേജ് തലത്തില്‍ പരിശോധനാസംവിധാനം ഉണ്ടാകേണ്ടതുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ വലിയതോതില്‍ രോഗനിര്‍ണയം സാധിക്കുന്നുണ്ട്.
500 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാന്‍ നടപടി ആരംഭിച്ചുകഴിഞ്ഞു.ആരോഗ്യരംഗത്ത് ഇത് വലിയമാറ്റം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ വന്നിട്ടും ആര്‍.സി.സിയില്‍ തിരക്കിന് കുറയുന്നില്ല. പുതിയ മന്ദിരം പൂര്‍ത്തിയാകുന്നതോടെ സൗകര്യപ്രദമായ സേവനം ലഭിക്കുന്നതിനൊപ്പം സ്ഥലപരിമിതിയുടെ പ്രശ്‌നവും ഒരു പരിധി വരെ പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments