ബെയ്ജിങ്: വിദ്യാര്‍ത്ഥികളുടെ യൂണിഫോമും ഇനി സ്മാര്‍ട്ട് ആകുന്നു . രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് കുട്ടികള്‍ എവിടെയൊക്കെ പോകുന്നുണ്ടെന്നറിയാം. ചൈനയിലെ ഗാങ്ഷു പ്രവിശ്യയിലെ പത്തിലേറെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇനിമുതല്‍ സ്മാര്‍ട്ട് യൂണിഫോം. ഇതോടെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേസമയം കുട്ടികളെ ട്രാക്ക് ചെയ്യാനാകും. കുട്ടികളെ ട്രാക്ക് ചെയ്യാമെന്നതിന് പുറമേ അനുവാദമില്ലാതെ സ്കൂളില്‍ നിന്ന് പുറത്ത് കടക്കുന്നത് തടയാന്‍ അലാറം സംവിധാനമുണ്ട്. കൂടാതെ, കുട്ടികള്‍ വഴിയില്‍ എന്തെല്ലാം വാങ്ങുന്നുണ്ടെന്ന് രക്ഷിതാക്കളെ അറിയിക്കാനുമുള്ള സംവിധാനവും സ്മാര്‍ട്ട് യൂണിഫോമിലുണ്ട്.
ബ്ലാക്ക് മിറര്‍ എന്ന ട്രാക്കിങ് സാങ്കേതിക വിദ്യ ഡാറ്റാബേസുമായി സമന്വയിപ്പിച്ചുള്ള സംവിധാനമാണ് സ്മാര്‍ട്ട് യൂണിഫോമിലുള്ളത്. സ്കൂള്‍ ഗേറ്റില്‍ വെച്ചിട്ടുള്ള പ്രത്യേക ഉപകരണം വഴി കുട്ടിയുടെ മുഖവും യൂണിഫോമിലെ ചിപ്പും സ്കാന്‍ ചെയ്ത് രണ്ടും ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കും. കുട്ടികള്‍ യൂണിഫോമുകള്‍ പരസ്പരം മാറ്റാതിരിക്കാനാണിത്.
സ്മാര്‍ട്ട് യൂണിഫോം വന്നതോടെ സ്കൂളിലെ ഹാജര്‍നില മെച്ചപ്പെട്ടതായി അധികൃതര്‍ അവകാശപ്പെടുന്നു. ചൈനീസ് അധികൃതര്‍ സ്മാര്‍ട്ട് യൂണിഫോമിനെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ നേട്ടമായി കാണുമ്ബോള്‍ എതിര്‍പ്പുമായി ധാരാളം പേര് രംഗത്ത് വന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും നിരീക്ഷണത്തിലാവുന്നതോടെ കുട്ടികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments