ന്യൂഡൽഹി : 1964 ലെ ചുഴലിക്കാറ്റിൽ തകർന്ന രാമേശ്വരം – ധനുഷ്കോടി റെയിൽ പാത പുനർ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. രാമേശ്വരം മുതൽ ധനുഷ്കോടി വരെയുള്ള 17.20 കിലോമീറ്ററാണ് റെയിൽവേ പുനർ നിർമ്മിക്കുന്നത്. ബ്രോഡ്‌ഗേജ് പാതയാണ് നിർമ്മിക്കുന്നത്. 1964 ഡിസംബർ 22 ന് ആയിരുന്നു രാജ്യത്തെ നടുക്കിയ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പാലത്തിൽ കൂടി സഞ്ചരിക്കുകയായിരുന്ന പാസഞ്ചർ തീവണ്ടി കടലിലേക്ക് എടുത്തെറിയപ്പെട്ടു.
മീറ്റർഗേജ് റെയിൽ പാത തകർന്നു. യാത്രക്കാരും റെയിൽവേ ജീവനക്കാരും കൊല്ലപ്പെട്ടു. ധനുഷ്കോടി പൂർണമായും നശിച്ചു. 1800 ഓളം പേരായിരുന്നു ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടത്. ഈ സാമ്പത്തിക വർഷത്തിൽ ആരംഭിക്കാൻ പോകുന്ന പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് റെയിൽപാത പുനർനിർമ്മാണം ആരംഭിക്കുന്നത്. 208 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വെർട്ടിക്കൽ ലിഫ്റ്റ് മാതൃകയിൽ പുതിയ പാലവും നിർമ്മിക്കും . ഇതിന് 249 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് പാലമായിരിക്കും ഇത്. 2003 ൽ വാജ്‌പേയി സർക്കാരിന്റെ കാലത്താണ് സതെൺ റെയിൽവേ ഇത് സംബന്ധിച്ച പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചത്.2010 ൽ ആസൂത്രണ കമ്മീഷൻ ഇതിന്റെ സാദ്ധ്യതകളെക്കുറിച്ച് പരിശോധിച്ചിരുന്നു. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് രാമേശ്വരവും ധനുഷ്കോടിയും.
Post Your Comments