Latest NewsIndia

ആറ് മാസം മുമ്പ് 11 പേര്‍ ദുരൂഹമായി മരിച്ച ചെയ്ത ഭാട്ടിയ വീടിന് മാറ്റം : ദുരൂഹത മാറ്റാന്‍ ഇവര്‍ സ്ഥലത്തെത്തി

ബുറാഡി : ആറ് മാസം മുമ്പ് 11 പേര്‍ ദുരൂഹമായി മരിച്ച ചെയ്ത ഭാട്ടിയ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ. ദുരൂഹമരണങ്ങള്‍ നടന്ന ആ വീടിനെ ഒരു പ്രേതാലയമായിട്ടായിരുന്നു പ്രദേശവാസികള്‍ കണ്ടിരുന്നത്. പകല്‍ പോലും പുറത്തിറങ്ങാന്‍ ആളുകള്‍ക്ക് ഭയമായിരുന്നു.

11 പ്രേതാത്മാക്കള്‍ അലഞ്ഞുനടക്കുന്ന വീടിനെ നാട്ടുകാര്‍ ഭയപ്പാടോടെ മാത്രം നോക്കിക്കണ്ടിരുന്നത്. രാത്രിയില്‍ ആ വീടിനു സമീപത്തെ റോഡ് വിജനമായിക്കിടന്നു. പുറത്തിറങ്ങാന്‍ പോലും പലരും ഭയന്നു. എന്നാല്‍, ഇന്ന് ഭാട്ടിയ വീടു സാധാരണ ജീവിതത്തിലേക്ക് മടങ്ങിക്കഴിഞ്ഞു, ഏതൊരു വീടിനെയും പോലെ ശാന്തതയും സമാധാനവുമുള്ള വീട് തന്നെ.

ഭാട്ടിയ കുടുംബത്തിന്റെ വീടിനോടു ചേര്‍ന്ന് ബോബി എന്ന വ്യക്തി ഓഗസ്റ്റില്‍ ഒരു കട തുറന്നതോടെ രാത്രിയിലെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി. രാത്രി 11.30 വരെ ബോബിയുടെ കട തുറന്നിരിക്കുന്നതോടെ ആര്‍ക്കും ഭീതിയില്ലാതെ വഴി നടക്കാമെന്നായി.

മുമ്പ് കടകള്‍ ഏറ്റെടുക്കാന്‍ ഒരാള്‍ വന്നപ്പോള്‍ പോലും പ്രദേശവാസികള്‍ പിന്തിരിപ്പിച്ചു. ദുരൂഹമരണം നടന്ന വീടിനു സമീപത്തെ കടയില്‍ നിന്ന് ആരും ഒന്നും വാങ്ങില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എങ്കിലും ബോബി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എങ്കിലും പകല്‍സമയത്ത് അതുവഴി പോകുന്നവരെല്ലാം ഏതാനും നാള്‍ മുന്‍പുവരെ ഭാട്ടിയ കുടുംബത്തിന്റെ വീട് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. വീടിന്റെ കൂറ്റന്‍ മതിലില്‍ നിന്നു പുറത്തേക്കു തള്ളി നിന്നിരുന്ന 11 പൈപ്പുകളായിരുന്നു അതിനു കാരണം.

വീടിന്റെ നവീകരണ സമയത്ത് ‘വെന്റിലേഷനു’ വേണ്ടി നിര്‍മിച്ചതാണ് അതെന്നായിരുന്നു കരാറുകാരന്റെ വിശദീകരണം. എന്നാല്‍ കൂട്ടമരണവുമായി അതിനു ബന്ധമുണ്ടെന്നു പലരും പറഞ്ഞു പരത്തി. ഏഴു പൈപ്പുകള്‍ വളഞ്ഞ നിലയിലായിരുന്നു. ഏഴു വനിതകളാണ് കുടുംബത്തില്‍ മരിച്ചതും.

വീടിന്റെ നവീകരണ സമയത്ത് സാധനസാമഗ്രികളെല്ലാം കൊണ്ടുവച്ചിരുന്നത് സമീപത്തെ ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു. അവിടെ നിന്നായിരുന്നു വഴിപോക്കര്‍ ഭാട്ടിയ കുടുംബത്തിന്റെ വീടും പൈപ്പുകളുമെല്ലാം കണ്ടിരുന്നത്. വഴിയാത്രക്കാര്‍ സ്ഥിരമായി ‘തമ്പടിക്കാന്‍’ ഉപയോഗിച്ചതോടെ ആ മേഖല ഉപയോഗശൂന്യമായെന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ നിന്നു നോക്കിയാല്‍ ആ പൈപ്പുകള്‍ കാണാനാകില്ല.

ഭാട്ടിയ കുടുംബത്തില്‍ അവശേഷിച്ച ഒരേയൊരു മകന്‍ ദിനേശ് ഛന്ദാവത്തിന്റെ പേരിലാണ് ഇപ്പോള്‍ വീട്. ഒക്ടോബറിലാണ് വീട് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാകുന്നത്. കൂട്ടമരണം നടക്കുന്ന സമയത്ത് രാജസ്ഥാനിലെ ക്വാട്ടയിലായിരുന്നു അദ്ദേഹം. അവിടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ദിനേശ് കൂട്ടമരണത്തിനു ശേഷം ഇടയ്ക്ക് ഭാട്ടിയ കുടുംബത്തിന്റെ വീട്ടിലുമെത്തി തങ്ങിയിരുന്നു. വീടുമായി ബന്ധപ്പെട്ടു പരന്ന അന്ധവിശ്വാസങ്ങള്‍ മാറ്റുന്നതിനു വേണ്ടിയായിരുന്നു അത്. ഒക്ടോബര്‍ മധ്യത്തിലാണ് ദിനേശും കുടുംബവും വീട്ടില്‍ താമസിച്ചത്. ഒട്ടേറെ പൂജാകര്‍മങ്ങള്‍ ചെയ്തതിനു ശേഷമായിരുന്നു അത്.

മരണവീട് ഒരു കൗതുകക്കാഴ്ചയായതോടെ 11 പൈപ്പുകളും ദിനേശ് എടുത്തുമാറ്റി. അതിരുന്ന ദ്വാരവും സിമന്റ് വച്ചടച്ചു. കഴിഞ്ഞ മാസമാണ് അഞ്ച് ദ്വാരങ്ങളടച്ചത്. ശേഷിച്ചവയില്‍ ഇഷ്ടികക്കഷ്ണങ്ങളും വച്ചു. പുറമേ നിന്നു നോക്കിയാലും ഇവയിപ്പോള്‍ കാണാനാകില്ല. പത്തടിയോളം വലുപ്പമുള്ള മതില്‍ നിര്‍മിച്ച് കാഴ്ച മറച്ചിരിക്കുകയാണ്. തന്റെ മകള്‍ക്കും മരുമകനും വീട്ട് വിട്ടുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദിനേശ് പറയുന്നു. ഇരുവരും വൈകാതെ ഇവിടെ താമസത്തിനെത്തും.

വീടിനോടു ചേര്‍ന്നുള്ള രണ്ടു കടകളും വാടകയ്ക്കു നല്‍കാനും ആളെ അന്വേഷിക്കുകയാണ് ദിനേശ്. നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടാനൊന്നുമില്ലെന്നു പ്രദേശവാസികളും പറയുന്നു. വീട്ടില്‍ ആളനക്കമുണ്ടായതോടെ ഭയത്തില്‍ പാതിയും ഇല്ലാതായി. നിലവില്‍ അതൊരു കൗതുകം മാത്രമായി അവശേഷിക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു.

2018 ജൂണ്‍ 30നാണ് സന്ത് നഗറില്‍ താമസിക്കുന്ന ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും.

ഭാട്ടിയ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വനിത നാരായണ്‍ ദേവി (77), മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക (33) എന്നിവരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതില്‍ നിന്നു വ്യക്തമായത് എല്ലാം തൂങ്ങിമരണമാണെന്നായിരുന്നു. ‘സൈക്കോളജിക്കല്‍ ഓട്ടോപ്സി’ എന്ന അപൂര്‍വ നടപടിക്രമത്തിലൂടെ പോലും കൂട്ടമരണത്തിനു പിന്നിലെ ദുരൂഹത തെളിയിക്കാനായില്ല.

അന്വേഷണം എല്ലാം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള ഒരുക്കത്തിലാണ് പൊലീസും. നാരായണ്‍ ദേവിയുടെ മകന്‍ ലളിത് ഭാട്ടിയയുടെ പ്രേരണ പ്രകാരം എല്ലാവരും ആത്മഹത്യ ചെയ്തതാകാമെന്നാണു കരുതുന്നത്. ലളിത് ഭാട്ടിയ കഴിഞ്ഞ 11 വര്‍ഷമായി എഴുതിയിരുന്ന ഡയറിയില്‍നിന്നാണു നിര്‍ണായകമായ പല വിവരങ്ങളും പൊലീസ് ശേഖരിച്ചത്. തന്റെ പിതാവ്, സജന്‍ സിങ്, ഹീര, ദയാനന്ദ്, ഗംഗ ദേവി എന്നിവരുടെ ആത്മാക്കള്‍ വീട്ടിലുണ്ടെന്നാണു ലളിത് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇവര്‍ക്ക് ‘മോക്ഷപ്രാപ്തി’ ലഭിക്കുന്നതിനായി ഏഴുദിവസം ആല്‍മരത്തെചുറ്റി പ്രാര്‍ഥന നടത്തണമെന്ന് പിതാവ് നിര്‍ദേശിച്ചിരുന്നതായി ലളിത് ഡയറിയില്‍ കുറിച്ചിരുന്നു.

യാതൊരു ആപത്തും കൂടാതെ പിതാവ് കുടുംബത്തെ രക്ഷപ്പെടുത്തുമെന്നായിരുന്നു ലളിതിന്റെ പ്രതീക്ഷയെന്നും കുറിപ്പുകളില്‍നിന്നു വ്യക്തം. ‘ബഡ് തപസ്യ’ എന്ന ആചാരത്തിന്റെ പൂര്‍ത്തീകരണത്തിനാണു കാത്തിരിക്കുന്നതെന്നും ഡയറിയില്‍ കുറിച്ചിരുന്നു. ഇതു ചെയ്യുന്നവര്‍ ആല്‍മരത്തിന്റെ ശാഖകള്‍ താഴേക്കു വളര്‍ന്നു കിടക്കുന്നതു പോലെ നില്‍ക്കണമെന്നും പറയുന്നു. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ 11 പേരും ഇത്തരത്തില്‍ മരിച്ചതാണോയെന്നും പൊലീസ് പരിശോധിച്ചിരുന്നു. പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ നടത്തിയ ആചാരമാണ് ഒടുവില്‍ 11 പേരുടെയും ജീവനെടുത്തതെന്നും പോലീസ് വിശ്വസിക്കുന്നു. അതിലേക്കാണ് അന്തിമ അന്വേഷണ റിപ്പോര്‍ട്ടും വിരല്‍ ചൂണ്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button