തിരുവനന്തപുരം: പ്രളയബാധിതരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനോക്കാള്‍ സര്‍ക്കാരിനു താത്പര്യം വനിതാ മതില്‍ വിജയിപ്പിക്കാനാണെന്ന് ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടാഴ്ചയിലേറെയായി സര്‍ക്കാര്‍ മെഷിനറികളുടെ പൂര്‍ണ്ണ ശ്രദ്ധ വനിതാ മതില്‍ വിജയിപ്പിക്കുന്നതിലാണ്. ഇതിന്റെ പത്തുശതമാനം താല്‍പര്യം പ്രളയബാധിതരുടെ ദുരിതങ്ങള്‍ പരിഹരിക്കാന്ന കാണിച്ചിരുന്നുവെങ്കില്‍ അവരുടെ എല്ലാ പ്രയാസങ്ങളും ഇതിനോടകം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിലിനായി സര്‍ക്കാര്‍ പണം ചെലവഴിക്കുമെന്നും, ഇല്ലെന്നും തിരിച്ചും മറിച്ചും പറയുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മതില്‍ വിജയിപ്പിക്കാനായി നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രണ്ടാഴ്ചയിലേറെയായി സര്‍ക്കാര്‍ മെഷിനറികളുടെ പൂര്‍ണ്ണശ്രദ്ധ വനിതാ മതില്‍ വിജയിപ്പിക്കാനാണ്. ഇതിന്റെ പത്ത് ശതമാനം താല്പര്യം കാണിച്ചിരുന്നുവെങ്കില്‍ പ്രളയം ബാധിച്ച ജനങ്ങളുടെ എല്ലാ പ്രയാസങ്ങളും ഇതിനോടകം പരിഹരിക്കാന്‍ കഴിയുമായിരുന്നു.
സര്‍ക്കാര്‍ പണം മതിലിനായി ചെലവഴിക്കുമെന്നും, ഇല്ലെന്നും തിരിച്ചും മറിച്ചും പറയുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മതില്‍ വിജയിപ്പിക്കാനായി നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നത്.
ആശ വര്‍ക്കേഴ്‌സ്, കുടുംബശ്രീ, അംഗനവാടി പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടം, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി പാവപ്പെട്ട സ്ത്രീകളില്‍നിന്നും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്നും നിര്‍ബന്ധമായി പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ പണം പിരിക്കുന്നതായി വ്യാപകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒറ്റപ്പാലത്ത് നിര്‍ബന്ധിത പിരിവിനെക്കുറിച്ച് അന്വേഷിക്കുകയും ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു എന്നാണു പത്രവാര്‍ത്ത.
മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ഥനയുള്ളത്, സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ സ്ത്രീകളില്‍ നിന്നും നടത്തുന്ന നിര്‍ബന്ധിത പിരിവ് ദയവായി ഉപേക്ഷിക്കണം. സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നതിനെക്കാള്‍ ഗുരുതരമായ തെറ്റാണ് പാവപ്പെട്ടവന്റെ പിച്ചചട്ടിയില്‍ നിന്നും കയ്യിട്ടുവാരി മതില്‍ കെട്ടിപ്പെടുത്തുന്നത്.
ഇതിനോടകം മതിലിന്റെ പേരില്‍ അനാവശ്യമായ ചേരിതിരിവും സംഘര്‍ഷങ്ങളും സമൂഹത്തില്‍ ഉണ്ടായിക്കഴിഞ്ഞു. ഈ വര്‍ഗ്ഗീയ മതില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.
Post Your Comments