Latest NewsKerala

നാടാകെ ദീപം തെളിഞ്ഞു : അയ്യപ്പ ജ്യോതിയില്‍ നിറഞ്ഞ് കേരളം

തിരുവനന്തപുരം : ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിയില്‍ വന്‍ ജനപങ്കാളിത്തം. ബിജെപി പിന്തുണയോടെയാണ് അയ്യപ്പ ജ്യോതി അരങ്ങേറിയത്. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമടക്കം നിരവധി പേരാണ് വഴിയരികില്‍ ദീപം തെളിച്ച് അയപ്പ ജ്യോതിയില്‍ പങ്കാളികളായത്.

കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പ ജ്യോതി തെളിയിച്ചു.

മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെ അയ്യപ്പ ജ്യോതി തെളിഞ്ഞത്. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം പി, കിളിമാനൂരില്‍ മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, തുടങ്ങിയവരും അയ്യപ്പ ജ്യോതി തെളിയിച്ചു. 80 കേന്ദ്രങ്ങളിലാണ് കാസര്‍ഗോഡ് അയ്യപ്പ ജ്യോതി തെളിയിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ ബി ജെ പിയുടെ സമരപന്തലില്‍ എത്തിയവരും അയ്യപ്പ ജ്യോതിയില്‍ പങ്കാളികളായി.

 

മുതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാല്‍ ആദ്യ തിരി തെളിയിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള അയ്യപ്പ ജ്യോതിയ്ക്ക് നേതൃത്വം നല്‍കി. എന്‍എസ്എസ് ചടങ്ങിന് പിന്തുണ പ്രഖ്യാപിച്ച് ജനപങ്കാളിത്തം വര്‍ദ്ധിക്കാനിടയാക്കി. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തിന് മുന്നില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അടുത്തിടെ ബി ജെ പിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി രാമന്‍ നായര്‍ ജ്യോതിയ്ക്ക് നേതൃത്വം നല്‍കി.

സ്വാമി ചിദാനന്ദപുരിയാണ് കോഴിക്കോട് പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്. അഞ്ച് കേന്ദ്രങ്ങളിലായി കോഴിക്കോട് നടന്ന അയ്യപ്പ ജ്യോതിയിലും നിരവധി പേര്‍ പങ്കു കൊണ്ടു.
അങ്കമാലിയില്‍ പി എസ് സി മുന്‍ ചെയര്‍മാന്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ പ്രതിഷേധത്തിനെത്തിയത് ശ്രദ്ധേയമായി. അങ്കമാലിയില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനും തൃശൂരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയും അയ്യപ്പ ജ്യോതിയ്ക്ക് നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button