Latest NewsIndia

ഗട്ടറില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം ഭീകരാക്രമണ കൊലയേക്കാള്‍ കൂടുതലെന്നും അധികൃതർ റോഡ് പരി പരിപാലിക്കുന്നില്ലെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി  : അതിര്‍ത്തിയിലെ ഭീകരാക്രമണത്തിലവ്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ അധികമാണ് റോഡിലെ കുഴികൾ വീണ് ജീവന്‍ പൊലിയുന്നവരെന്ന് സുപ്രീം കോടതി. റോഡ് സുരക്ഷ സംബന്ധിച്ച ജസ്റ്റിസ് കെ എസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ചുകൊണ്ട് ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് അഭിപ്രായം.

2013 മുതൽ 2017 വരെ 14,926 പേരാണ് റോഡിലെ കുഴികളില്‍ വീണ് ജീവന്‍ പൊലിഞ്ഞത്. ഇത് അംഗീകരിക്കാനാവില്ലെന്നും അധികൃതർ റോഡ് പരിപാലിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇത്രയധികം മരണമെന്നും കോടതി പറഞ്ഞു. സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ പറഞ്ഞു. റോഡ് ഗതാഗതമന്ത്രാലയത്തിൽ നിന്നാണ് അപകടമരണത്തിന്റെ കണക്കെടുത്തത്.

റോഡിലെ കുഴികളിൽ വീണ് പരിക്കേറ്റവരുടെ എണ്ണത്തില്‍ രേഖകളില്ല. ഇത്തരം കേസുകളിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡിലെ കുഴികാരണമുള്ള അപകടത്തിൽ മരിക്കുന്നവർക്കും നഷ്ടപരിഹാരം നൽകേണ്ടതാണെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

റോഡ് സുരക്ഷ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ജൂലൈയിലാണ് കോടതി സമിതിയെ ഏർപ്പെടുത്തിയിരുന്നത് . സമിതി റിപ്പോർട്ടിനോട് ഉടന്‍ പ്രതികരിക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button