തിരുവനന്തപുരം: ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ സര്‍ക്കാര്‍ തിരിച്ചയച്ചത് ബിജെപിയെ പ്രീണിപ്പിക്കാനാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. വനിതാമതില്‍ വലിയ വിഡ്ഢിത്തമാണ്. സുപ്രീംകോടതി വിധി പ്രകാരം എത്തിയവരെ ശബരിമലയില്‍ എത്തിക്കാന്‍ പോലും കഴിയാത്ത സര്‍ക്കാരാണ് നവോത്ഥാനത്തിന്റെ പേരില്‍ മതിലുയര്‍ത്തുന്നതെന്ന് മുനവറലി പരിഹസിച്ചു. ബിജെപിയുമായി ചേര്‍ന്ന് സിപിഎം ഒത്തുതീര്‍പ്പു രാഷ്ട്രീയം കളിക്കുകയാണ്.
കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപി മുദ്രാവാക്യം നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വടക്കേ ഇന്ത്യയില്‍ ബിജെപി പരീക്ഷിച്ചു വിജയിച്ച ധ്രുവീകരണ രാഷ്ട്രീയം കേരളത്തിലും നടപ്പാക്കാനാണു ശ്രമം. വര്‍ഗീയതയ്ക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ നടത്തിയ യുവജനയാത്രയില്‍ പ്രതീക്ഷിച്ചതിലേറെ ജനപങ്കാളിത്തമുണ്ടായത് ശുഭ സൂചനയാണെന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ആശങ്കപ്പെട്ടു തുടങ്ങിയെന്നും മുനവറലി പറഞ്ഞു. യൂത്ത് ലീഗിന്റെ യുവജനയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments