ചങ്ങനാശ്ശേരി: ടാറ്റാ ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി അര്‍ഹതയുള്ള പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും ലഭ്യമാക്കണമെന്ന് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അടിച്ചമര്‍ത്തലുകളെ നേരിടാന്‍ ദളിത് യുവമുന്നേറ്റം ഉണ്ടാകണമെന്നും അദ്ദേഹം പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ അമരശാഖാ മന്ദിര സമര്‍പ്പണ പരിപാടിയുമായി ബന്ധപ്പെട്ട യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ദൈനംദിന ജീവിതത്തില്‍ ദളിതുകള്‍ ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നീ കാര്യത്തില്‍ കഷ്ടപ്പെടുകയാണ്. വിശന്നൊട്ടിയ വയറുമായി പ്രാര്‍ത്ഥിക്കാന്‍ കഴിയില്ല. ജാതി ജന്മിത്വ ഭരണകൂടം ഇന്ത്യയെ പിന്നോട്ടടിക്കുകയാണ്. കേരളത്തില്‍ 8,800 സ്‌കൂളുകളും കോളേജുകളുമുണ്ട്. എന്നാല്‍ കേവലം ഒരു ശതമാനമാണ് അവിടുത്തെ പട്ടികജാതി ഉദ്യോഗസ്ഥ പ്രാതിനിധ്യം. ഇന്ത്യയില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും ദളിതുകളെയും ന്യൂനപക്ഷങ്ങളെയും മുസ്‌ളീങ്ങളെയും കൊന്നൊടുക്കുകയാണ്.ജാതിയുടെയും വംശത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരില്‍ വിവേചനം അനുഭവിക്കുന്ന ദളിതര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി ഭൂമി, വീട്, ആഹാരം, കൂലി എന്നിവയെല്ലാമാണ്.
രാജ്യത്ത് 40 കോടിയില്‍ അധികം ദളിതര്‍ക്ക് വീടുകളില്ല. 60 കോടിക്ക് മുകളിലുള്ളവര്‍ക്ക് മാന്യമായ കൂലിയില്ല. 84 കോടിയിലധികം പേര്‍ക്ക് ദിവസക്കൂലി കേവലം 20 രൂപയാണ്. ജാതിയുടെയും വംശത്തിന്റെയും വിവേചനം രാജ്യത്ത് എല്ലായിടത്തും നില നില്‍ക്കുന്നു. എന്നാല്‍ കേരളത്തില്‍ അയ്യന്‍കാളിയുടേയും ശ്രീകുമാരഗുരുദേവന്റെയും ശ്രീനാരായണഗുരുവിന്റെയും നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു സാമൂഹ്യമാറ്റം നടപ്പായത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ദളിതുകളുടെ സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് സംസാരിക്കാനും അതില്‍ ഇടപെടാനും ദളിത്യുവത തയ്യാറാകണം. കുത്തകകളുടെ അടിച്ചമര്‍ത്തലുകളില്‍ നിന്നും രക്ഷനേടാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Post Your Comments