MollywoodLatest NewsKeralaCinema

മോഹന്‍ലാലിന്റേത് നല്ല ശാരീരിക വഴക്കം, മഞ്ജുവിന്റെ തുല്യതയില്ലാത്ത അഭിനയം: ‘ഒടിയന്‍’ മൂല്യബോധമുള്ള സിനിമയെന്ന് ജി.സുധാകരന്‍

തിരുവനന്തപുരം : വമ്പന്‍ പ്രതീക്ഷകളുമായെത്തി ഒടുവില്‍ റിലീംസിഗ് ദിവസം വന്‍ സൈബര്‍ ആക്രമണം നേരിട്ട ‘ഒടിയന്‍’ സിനിമയെ പുകഴ്ത്തി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ‘ഒടിയനെ’ വാഴ്ത്ത് രംഗത്തെത്തിയത്. സിനിമയില്‍ അഭിനയിച്ച നടീനടന്‍മാരെ തൊട്ട് അണിയറ പ്രവര്‍ത്തകരേയും പ്രശംസകള്‍ കൊണ്ട് മൂടുകയാണ് കുറിപ്പില്‍ ജി.സുധാകരന്‍. മൂല്യ ബോധമുള്ള സിനിമയെന്നാണ് സുധാകരന്‍ ഒടിയനെ വിശേഷിപ്പിച്ചത്.
ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാര്‍ദ്ധക്യവും ചിത്രത്തില്‍ അവതരിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ നല്ല ശാരീരിക വഴക്കം പ്രകടിപ്പിച്ചതായും സിനിമയില്‍ മോഹന്‍ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പുന്നതായും അദ്ദേഹം വിശേഷിപ്പിക്കുന്നു.
മഞ്ജുവാരിയരുടെതും തുല്യതയില്ലാത്ത അഭിനയമികവെന്നാണ് മന്ത്രി പറയുന്നു. മാത്രമല്ല അണിയറ പ്രവര്‍ത്തകരായ സംവിധായകന്‍ ശ്രീകുമാറിനേയും തിരക്കഥാകൃത്ത് കെ.ഹരികൃഷണനെയും അദ്ദേഹം പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

മന്ത്രി ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഡിസംബര്‍ 14 ന്റെ കേരള ഹര്‍ത്താലിനെ അതീജിവിച്ചാണ് മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ഒടിയന്‍ എന്ന സിനിമ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. പക്ഷേ പെട്ടെന്ന് തന്നെ ചിത്രത്തിന് എതിരെ കുപ്രചരണ വാര്‍ത്തകള്‍ കേട്ടു. അതുകൊണ്ട് സിനിമ ഒന്ന് കാണണമെന്ന് തോന്നി. ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

കെ.ഹരികൃഷ്ണന്‍ വ്യത്യസ്തമായ കഥയൊരുക്കി വി.എ.ശ്രീകുമാര്‍ മേനോന്‍ അതിമനോഹരമായി സംവിധാനം ചെയ്ത്, അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ചുവാരിയരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രം. എം.ജയചന്ദ്രന്റെ മികച്ച സംഗീതവും, പ്രഭാവര്‍മ്മയുടെ ഗാനവും, ഷാജി കുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തെ ആസ്വാദ്യകരമാക്കിയിട്ടുണ്ട്.

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാര്‍ദ്ധക്യവും ചിത്രത്തില്‍ അവതരിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ നല്ല ശാരീരിക വഴക്കം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിനിമയില്‍ മോഹന്‍ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട് എന്ന് മറുചിന്തയില്ലാതെ വിശേഷിപ്പിക്കാം. മഞ്ജുവാരിയരുടെതും തുല്യതയില്ലാത്ത അഭിനയമികവ് തന്നെ. സിനിമയിലാകെ വളരെ സന്ദര്‍ഭോചിതമായി സംഭാഷണം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥനീങ്ങുന്നത്. മൂല്യബോധമുള്ള സിനിമയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button