Devotional

ലക്ഷ്മി ദേവിയും ഐതിഹ്യവും

ഹൈന്ദവപുരാണങ്ങളില്‍ മഹാവിഷ്ണുവിന്റെ പത്‌നിയാണ് ലക്ഷ്മി. നിലനില്‍പ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്വത്തില്‍ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്‌നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴില്‍ തിരുമകള്‍ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മി, മഹാവിഷ്ണുവിന്റെ അവതാരങ്ങളിലേയും പത്‌നിയായാണ്. രാമാവതാരത്തില്‍ സീത ആയും കൃഷ്ണാവതാരത്തില്‍ രുഗ്മിണി, രാധിക എന്നിങ്ങനെയും ലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു.

ആദിപരാശക്തിയുടെ അവതാരമായി മഹാലക്ഷ്മിയെ ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങള്‍. ദശമഹാവിദ്യകളില്‍ പത്താമത്തെ രൂപമായ കമലാദേവിയായും മഹാലക്ഷ്മിയെ കണക്കാക്കുന്നു. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങള്‍ ആണ് അഷ്ടലക്ഷ്മിമാര്‍. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങള്‍ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തില്‍ ത്രിമൂര്‍ത്തികളെയും ത്രിദേവിമാരെയും സൃഷ്ടിക്കുന്നത് മഹാലക്ഷ്മി ആണ് എന്നും ഭുവനേശ്വരിക്കും മഹിഷാസുരമര്‍ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു.

പാലാഴിമഥനത്തില്‍ പൊന്തിവന്ന ദിവ്യ വസ്തുക്കളില്‍ ലക്ഷ്മി ഉള്‍പ്പെട്ടിരുന്നുവെന്ന് മഹാഭാരതത്തില്‍ പറയുന്നു[.. ദുര്‍ഗാ പൂജയില്‍ ബംഗാളില്‍, ലക്ഷ്മിയെ ദുര്‍ഗയുടെ(പാര്‍വ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുര്‍ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങള്‍ ആണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിക്ക് പ്രതിഷ്ഠയുണ്ട്. കേരളത്തില്‍ എറണാകുളത്തെ ചോറ്റാനിക്കര ഭഗവതീ ക്ഷേത്രത്തില്‍ ലക്ഷ്മീനാരായണ സങ്കല്‍പ്പത്തില്‍ ആണ് പ്രതിഷ്ഠ. കൊല്ലൂര്‍ മൂകാംബികയിലും ദേവിക്ക് ആരാധനയുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കല്‍പ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാര്‍ത്തിക, അക്ഷയതൃതീയ എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button