അബുദാബി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്. 2014ല്‍ തൊഴില്‍ ലഭിച്ചത് എഴ് ലക്ഷത്തി എഴുപത്തയ്യായിരത്തി എണ്ണൂറ്റി നാല്‍പത്തി അഞ്ച് പേര്‍ക്കാണെങ്കില്‍ 2018ല്‍ കഴിഞ്ഞ മാസം വരെ തൊഴില്‍ ലഭിച്ചത് രണ്ട് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി എണ്ണൂറ്റി മുപ്പത്തി എഴ് പേര്‍ക്ക് മാത്രമാണ്. ലോക്‌സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇ-മൈഗ്രേറ്റ് സംവിധാനം വഴി ലഭിച്ച കണക്കുകള്‍ കേന്ദ്രം വ്യക്തമാക്കിയത്.
2014 മുതല്‍ 2018 നവംബര്‍ 30 വരെയുള്ളതാണ് കണക്കുകള്‍. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍കുറവാണ് സംഭവിച്ചിട്ടുള്ളത്. അഞ്ച് വര്‍ഷത്തിനിടെ നാല് ലക്ഷത്തി എണ്‍പത്തി ഒന്നായിരത്തി എട്ട് തൊഴിലവസരങ്ങളാണ് ഈ ആറ് രാജ്യങ്ങളിലായി നഷ്ടമായത്. സൗദി അറേബ്യയിലാണ് വലിയ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ലഭിക്കാതെയോ നഷ്ടപ്പെട്ടോ മടങ്ങുന്നവരുടെ യഥാര്‍ത്ഥ കണക്ക് ഇതിലും അധികമാണ്. ഇ.സി.ആര്‍ പാസ്‌പോര്‍ട്ടുള്ളവരില്‍ ഭൂരിഭാഗവും ടൂറിസ്റ്റ് വിസയില്‍ പോവുകയും പിന്നീട് തൊഴില്‍ വിസയിലേക്ക് മാറുകയുമാണ് പതിവ്. ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വിലയിടിവുണ്ടാക്കിയ സാമ്പത്തിക മാന്ദ്യം, സ്വദേശിവല്‍ക്കരണം എന്നിവയാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments