Latest NewsKerala

ഇനിയും കിളിപോകാത്ത ആങ്ങളമാർ വായിച്ചറിയാൻ… മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ഇന്നലെ ജറുസലേമിൽ നിന്നും തിരിച്ചുള്ള യാത്രയിലായിരുന്നു. രാത്രി പ്രന്ത്രണ്ട് മണിക്കാണ് ജനീവയിൽ എത്തിയത്. അതിനിടക്ക് കിളിനക്കോട് എന്ന് ടൈംലൈനിൽ പല പ്രാവശ്യം കണ്ടെങ്കിലും വിശദമായി വായിക്കാൻ സമയം കിട്ടിയില്ല. ഇവിടെ എത്തിയപ്പോഴേക്കും “ചേട്ടൻ ഈ വിഷയത്തിൽ എഴുതുന്നില്ലേ” എന്ന് ചോദിച്ചു പലരും എത്തി.

ഒരു കാര്യം ആദ്യമേ പറയാം. കിളിനക്കോടിലെ സദാചാര പൊന്നാങ്ങളമാരോട് ഇനി ഞാൻ ഒന്നും പറയാൻ പോകുന്നില്ല. ബഹുഭൂരിപക്ഷം മലയാളികളും കേട്ടിട്ടില്ലാത്ത ഒരു ഗ്രാമത്തിലെ ‘സംസ്കാരം’ അവർ ലോകമലയാളികളുടെ സമക്ഷം എത്തിച്ചല്ലോ. അതിന് പകരമായി കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറായി അവർക്ക് സമൂഹമാധ്യമത്തിലൂടെ മൊത്തമായി ഉപദേശങ്ങളും ട്രോളുകളും കിട്ടിക്കൊണ്ടിരിക്കുന്നു. പോലീസ് കേസ് പോലും ഉണ്ടെന്നാണ് അറിഞ്ഞത്. ഇത്തരം പോലീസ് കേസുകൾ ഒന്നും കോടതിയിൽ എത്തി ശിക്ഷ കിട്ടി തീരാറില്ല. മറിച്ച് ആവേശം തീരുന്പോൾ സ്റ്റേഷനിലോ പുറത്തോ ‘ലേലു അല്ലു’ പറഞ്ഞു കോംപ്രമൈസ് ആക്കാറാണ് പതിവ്. അതുവരെ “കിളി നഹി, കിളി നഹി” എന്നും പറഞ്ഞ് അവരിപ്പോൾ ഏതെങ്കിലും കണ്ടം നോക്കി നടക്കുകയായിരിക്കും. ഞാൻ ഇനി അവരുടെ പുറകെ ഉപദേശിക്കാനോ കളിയാക്കാനോ പോകുന്നില്ല.

എന്നാൽ കിളിനക്കോടിന്‌ പുറത്തുള്ള മലയാളികളിലും ‘നാടിന്റെ സംസ്കാരവും’ മറ്റുള്ളവരുടെ ‘സദാചാരവും’ കാത്തുസൂക്ഷിക്കേണ്ടത് അവരുടെ കടമയാണെന്ന് കരുതുന്ന ആങ്ങളമാർ ഉണ്ട്. അല്പം ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും ഇവർ എല്ലാ ജാതി മതങ്ങളിലും, ഗ്രാമത്തിലും, നഗരത്തിലും, നിരത്തിലും, ഓൺലൈനിലും, വീടിനകത്തും, പുറത്തും, കേരളത്തിലും പുറത്തും ഉണ്ട്. ഈ സംഭവത്തിൽ തന്നെ സെൽഫി എടുക്കാൻ പോയത് തടഞ്ഞത് മോശമായി എന്ന് കരുതുന്നവരിൽ പോലും “എന്തിനാണ് അവർ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് പ്രകോപിപ്പിക്കാൻ പോയത്” എന്ന് ചിന്തിക്കുന്നവരുണ്ട്. ഇവരിൽ ഇനിയും കിളിപോകാത്തവർ ഉണ്ടെങ്കിൽ അവരോട് ഒരു സത്യം പറയാം.

കഴിഞ്ഞ ഇരുപത് വർഷത്തിൽ കേരളത്തിലെ പെൺകുട്ടികൾ ഏറെ മുന്നിലേക്ക് സഞ്ചരിച്ചു കഴിഞ്ഞു. ചുറ്റും ലഭ്യമായ വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും അറിവിന്റെയും അവസരങ്ങൾ അവർ ശരിക്കും ഉപയോഗിച്ചിട്ടുണ്ട്, ഉപയോഗിക്കുന്നു. ലോകത്ത് നടക്കുന്ന മാറ്റങ്ങൾ അവർ അറിയുന്നുണ്ട്, ഫേസ്ബുക്കിൽ വന്ന് ഓരോ ദിവസവും പ്രതികരിക്കുന്നില്ലെങ്കിലും സ്വന്തമായ അഭിപ്രായങ്ങളും വ്യക്തിത്വവും അവർ ഉണ്ടാക്കിക്കഴിഞ്ഞു.

പക്ഷെ, കേരളത്തിലെ ഏറെ ആൺകുട്ടികൾ ഇപ്പോഴും നേരം വെളുത്തതറിയാതെ കിടന്നുറങ്ങുകയാണ്. കാര്യം സ്മാർട്ട് ഫോണും, ഫേസ്ബുക്കും, സമൂഹമാധ്യമത്തിൽ സ്ഥിരം പ്രതികരണവും ഉണ്ടെങ്കിലും മനസ്സിപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലാണ്. ചുറ്റുമുള്ള പെൺകുട്ടികളെ, അത് തെരുവിലായാലും സമൂഹമാധ്യമത്തിൽ ആയാലും, സ്വന്തം പഴഞ്ചൻ സദാചാരബോധത്തിനനുസരിച്ചു നടത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്ന് ഇപ്പോഴും അവർ തെറ്റിദ്ധരിക്കുന്നു. ഈ സദാചാരവും സംസ്കാരവും ഒന്നും അവരുടെ പ്രവർത്തികൾക്ക് ബാധകമല്ല എന്നത് വേറെ കാര്യം. പെൺകുട്ടികളെ തെറിപറഞ്ഞും ഭീഷണിപ്പെടുത്തിയും ‘ശരിയാക്കാം’ എന്നീ ആങ്ങളമാർ കരുതുന്നു.

ചേട്ടന്മാരെ, ആ സമയം സത്യത്തിൽ കഴിഞ്ഞു. ഇംഗ്ളീഷിൽ മിലേനിയൽസ് എന്നൊരു വാക്കുണ്ട്. സമയം കിട്ടുന്പോൾ ഒന്ന് വായിച്ചു നോക്കണം. കമന്റടിച്ചും, ഒളിഞ്ഞു നോക്കിയും, പൊതുസ്ഥലങ്ങളിലും കോളേജിലും തട്ടിയും മുട്ടിയും തെറിപറഞ്ഞും പഴയ തലമുറയോട് നടത്തിയ അഭ്യാസമൊന്നും പുതിയ പിള്ളേരുടെ അടുത്ത് നടക്കില്ല. ഫേസ്ബുക്ക് ലൈവിലും
#metoo വിലും വന്ന് അവർ നിങ്ങളെ നാറ്റിക്കും. യു പിയിലെ ഗ്രാമങ്ങളിൽ നിന്ന് പോലും കമന്റടിക്കാൻ വരുന്ന പയ്യന്മാരെ ചെരുപ്പൂരി അടിക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ വരുന്നത് നിങ്ങൾ കാണുന്നില്ലേ. പിന്നെ ഒരു കാര്യം നിങ്ങൾക്ക് അറിയാമല്ലോ. കാര്യം നിങ്ങളെ പോലെയുള്ള സദാചാര ആങ്ങളമാർ ചുറ്റും ധാരാളം ഉണ്ടെങ്കിലും പിടിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ നിങ്ങൾ ഒറ്റക്കാണ്. ആദ്യം അടിയും പിന്നെ ട്രോളും ഉപദേശവും ഒക്കെയായി വരുന്നവർ ഇവർ തന്നെയായിരിക്കും. പണ്ടൊക്കെ മതനേതാക്കളും രാഷ്ട്രീയക്കാരും പിന്തുണക്കാൻ ഉണ്ടാകുമായിരുന്നു. ഇനി അതും ഉണ്ടാവില്ല. കേരളത്തിൽ മതങ്ങൾ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നതും രാഷ്ട്രീയ സമവാക്യങ്ങൾ തെറ്റാതിരിക്കുന്നതും സ്ത്രീകൾ സംഘടിതമായി പ്രവർത്തിക്കാത്തതുകൊണ്ടാണെന്ന് മറ്റാരേക്കാളും നന്നായി അവർക്കറിയാം. അതുകൊണ്ട് സ്ത്രീകളെ സംഘടിപ്പിക്കാനോ പ്രതികരിക്കാനോ പ്രേരിപ്പിക്കുന്ന കാര്യങ്ങളിൽ അവർ തന്ത്രപൂർവ്വമായ മൗനം പാലിക്കും. അഥവാ അവർ പ്രതികരിക്കാൻ തുടങ്ങിയാൽ അതിന് മുന്നിൽ കയറി നിന്ന് വിഷയം ഏറ്റെടുക്കും. നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കേണ്ടി വരും.

അതുകൊണ്ട് പാഠങ്ങൾ സ്വയം പഠിക്കൂ. പെൺകുട്ടികളെ സദാചാരം പഠിപ്പിക്കാൻ വന്നാൽ അവർ “പോയി പണിനോക്കാൻ” പറയും, ചിലപ്പോൾ അതിലപ്പുറവും ചെയ്തുവെന്ന് വരാം. നിങ്ങൾ ഇങ്ങനെ പൊതുവഴിയിൽ കിളിനക്കോടിലെ ആങ്ങളമാരെപ്പോലെ അപഹാസ്യരാവുന്നത് തമ്പുരാന് കുറച്ചിൽ ആകും. അതുകൊണ്ട് കാലം മാറി, നേരം വെളുത്തു എന്നൊക്കെ മനസ്സിലാക്കി നിങ്ങൾ നിങ്ങളുടെ കാര്യവും നോക്കി അടങ്ങി ഒതുങ്ങി കഴിയുന്നതാണ് ബുദ്ധി. പെൺകുട്ടികളുടെ കാര്യം അവർ നോക്കിക്കോളും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button