നോയിഡ: 285 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാൻ അമ്മ മരിച്ച വിവരം മറച്ചുവെച്ച മകനും ബന്ധുക്കളും പിടിയിൽ. മുംബൈ സ്വദേശികളായ വ്യവസായി സുനില്‍ ഗുപ്ത, ഭാര്യ രാധ,മകന്‍ അഭിഷേക് എന്നിവരെ പൊലീസ് ഡിസംബര്‍ 15 ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അമ്മയുടെ പേരിലുണ്ടായിരുന്ന 285 കോടി രൂപയുടെ സ്വത്താണ് സുനില്‍ ഗുപ്ത കൈവശപ്പെടുത്തിയത്. സുനിലിന്റെ അനുജന്‍ വിജയ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലങ്ങള്‍ക്ക് മുമ്ബ് നടന്ന വഞ്ചനയുടെ കഥ പുറത്തു വന്നത്.
ഒരു മെഴുകുതിരി നിര്‍മാണ ഫാക്ടറിയുള്‍പ്പെടെ 285 കോടി രൂപയുടെ സ്വത്തിനുടമയായിരുന്ന സുനിലിന്റേയും വിജയ്‌യുടേയും മാതാവ് കമലേഷ് റാണി 2011 മാര്‍ച്ചിലാണ് മരിച്ചത്. കമലേഷ് റാണി മരണത്തിനു മുമ്ബ് തയ്യാറാക്കിയ വില്‍പ്പത്രപ്രകാരം മരണശേഷം രണ്ടു മക്കള്‍ക്കും സ്വത്തില്‍ തുല്യാവകാശമെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കമലേഷ് റാണി മരിച്ചതിന് ഒരാഴ്ചയ്ക്കു ശേഷം അമ്മ ജീവിച്ചിരിപ്പുണ്ടെന്നും സ്വത്തുക്കള്‍ തനിക്ക് ദാനം നല്‍കിയെന്നും കാട്ടി വ്യാജരേഖയുണ്ടാക്കി സുനില്‍ സ്വത്ത് തന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റിലായ സുനിലും മറ്റുള്ളവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. സുനിലിന്റെ മറ്റൊരു മകനും പ്രതിപ്പട്ടികയിലുള്ള മറ്റു മൂന്നു പേരും ഒളിവിലാണ്.
Post Your Comments