Latest NewsTechnology

ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുത്തിരുന്ന ഫുഡ് ഡെലിവറി റോബോട്ട്’ കത്തിയമര്‍ന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുത്തിരുന്ന ഫുഡ് ഡെലിവറി റോബോട്ട്’ കത്തിയമര്‍ന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ബെര്‍ക്ലി ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുത്തിരുന്ന ‘കിവി ഫുഡ് ഡെലിവറി റോബോട്ടാണ് കത്തിയമര്‍ന്നത്. എന്നാല്‍ ഇത് റോബോട്ടിന്റെ പ്രശ്‌നം കൊണ്ടു സംഭവിച്ചതല്ല, മറിച്ച് മനുഷ്യാബദ്ധമാണ് അപകടകാരണമെന്നു പറയുന്നു. സാംസങ് ഗ്യാലക്‌സി നോട്ട് 7നു പറ്റിയതിനു സമാനമായ പ്രശ്‌നമാണ് ഇവിടെയും സംഭവിച്ചതെന്ന് പറയുന്നു. ക്യാമ്പസിലെ ചില വിദ്യാര്‍ത്ഥികള്‍ റോബോട്ടിന് ആദരാഞ്ജലി അര്‍പ്പിച്ചുവെന്നതും വാര്‍ത്തായായി.

ഈ സംഭവം പുറം ലോകത്തെത്തുന്നത് 30-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വിഡിയോ ക്ലിപ്പിലൂടെയാണ്. അലസമായി നോക്കിക്കൊണ്ടിരിക്കുന്നവരുടെ മുന്നിലാണ് ഈ നാലു ചക്ര റോബോട്ട് കത്തുന്നത്. തുടര്‍ന്ന് ഇതിലെ കടന്നു പോയിരുന്ന ഒരാള്‍ തീയണയ്ക്കുകയായിരുന്നു. കിവി ക്യാംപസ് എന്ന കമ്പനിയാണ് റോബോട്ടിനെ ഇറക്കിയത്. അവരുടെ നൂറോളം റോബോട്ടുകളാണ് രണ്ടു വര്‍ഷത്തോളമായി സേവനം നല്‍കിയിരുന്നത്. ഈ അപകടത്തെ തുടര്‍ന്ന് അവര്‍ റോബോട്ടുകളെ താത്കാലികമായി പിന്‍വലിച്ചു. മോശം ബാറ്ററിയാണ് പ്രശ്‌നത്തിനു പിന്നിലെന്ന് അവര്‍ വിശദീകരിച്ചു.

ഒരു ചെറിയ പട്ടിയുടെ വലുപ്പമാണ് ഈ നാല്‍ചക്ര റോബോട്ടുകള്‍ക്ക്. ഏകദേശം 300 മീറ്റര്‍ അകലെ വരെ ഭക്ഷണം എത്തിച്ചു കൊടുക്കുകയെന്ന ദൗത്യമാണതിന്. ഭക്ഷണവുമായി റോബോട്ട് പുറപ്പെടുമ്പോള്‍, ആവശ്യപ്പെട്ടയാളുടെ സ്മാര്‍ട് ഫോണിലെ ആപ്പില്‍ അറിയിപ്പു ലഭിക്കും. റോബോട്ട് എത്തുമ്പോള്‍ അതിന്റെ മുകളിലുള്ള അടപ്പു തുറന്ന് ഭക്ഷണം എടുത്താല്‍ മതി. നിരവധി സെന്‍സറുകളുടെയും ക്യാമറയുടെയും അകമ്പടിയോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. നടപ്പാതയില്‍ ആര്‍ക്കും ഒരു ശല്യവും ചെയ്യാതെയാണ് ഇവയുടെ നീക്കം സജ്ജീകരിച്ചിരിക്കുന്നത്. ഇതുവരെ 100,000 ഓര്‍ഡറുകള്‍ ഇവ എത്തിച്ചു കൊടുത്തു കഴിഞ്ഞു.

അതേസമയം തങ്ങള്‍ക്കു ഭക്ഷണമെത്തിച്ചു തന്നിരുന്ന പ്രിയപ്പെട്ട റോബോട്ടിന്റെ വിയോഗത്തില്‍ ദുഖാചരണം നടത്തി കുട്ടികള്‍. ഒരു മിനിറ്റ് മൗനാചരണമായിരുന്നു നടത്തിയത്. പക്ഷേ, ചിലര്‍ ഉണര്‍ന്നിരിക്കല്‍ നടത്തിയും റോബോട്ടിന്റെ ‘വിയോഗത്തില്‍’ ഖേദം രേഖപ്പെടുത്തി. രണ്ടുവര്‍ഷത്തിലേറെ ഒരു പ്രശ്‌നവും ഇല്ലാതെ തങ്ങള്‍ക്ക് അന്നവിതരണം നടത്തിയിരുന്ന റോബോട്ടുകളോടാണ് വിദ്യാര്‍ത്ഥികള്‍ സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button