NattuvarthaLatest News

ജനകീയ കൂട്ടായ്മയില്‍ 3 കുടുംബങ്ങള്‍ക്ക് വീട്

വെറ്റിലപ്പാറ: തലചായ്ക്കാനൊരു കൂരപോലുമില്ലാത്ത തങ്ങളുടെ കളിക്കൂട്ടുകാരുടെ കണ്ണീരൊപ്പാന്‍ സഹപാഠികളും സ്‌കൂള്‍ അധികൃതരും കൈകോര്‍ത്ത് മാതൃകയാവുന്നു.

വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്ന നിര്‍ധനരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കാനാണ് സഹപാഠികളും, സ്‌കൂള്‍ പി.ടി.എയും, സന്നദ്ധ സംഘടനകളും കൈകോര്‍ത്തത്. പ്രകൃതിദുരന്ത ബാധിത പ്രദേശത്തെ കുടുംബങ്ങള്‍ക്കാണ് സഹജീവികളുടെ കാരുണ്യ പ്രളയത്തില്‍ വീടൊരുങ്ങുന്നത്.

തെരട്ടമ്മല്‍, വിളക്കുപറമ്പ്, കിണറടപ്പന്‍ എന്നിവിടങ്ങളിലായി മൂന്ന് വീടുകളുടെ തറക്കല്ലിടല്‍ കര്‍മം മുക്കം സബ് ഇന്‍സ്പെക്ടര്‍ കെ.പി അഭിലാഷ്, പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ശൗകത്തലി, മെംബര്‍ ബെന്നി പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

വെറ്റിലപ്പാറയിലെ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള ചെങ്കുത്തായ മലമുകളില്‍ വെറും 2 സെന്റ്ില്‍ പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ 4 മക്കളുമായി താമസിക്കുന്ന കുടുംബത്തിന്റെ ദയനീയ ചിത്രമാണ് നാട്ടുകാരുടെ കണ്ണുതുറപ്പിച്ചത്. ഇവര്‍ക്ക് തെരട്ടമ്മലില്‍ 3 സെന്റ് സ്ഥലം ദാനമായി നല്‍കാന്‍ ഉദാരമതിയായ ഒരാള്‍ തയ്യാറാവുകയായിരുന്നു. ആ സ്ഥലത്താണ് ഒരു വീട് നിര്‍മിക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി പുന്നക്കല്‍, ഹെഡ്മാസ്റ്റര്‍ മോഹന്‍ദാസ്, റോജന്‍ പി.ജെ, സാദിഖലി സി, തണല്‍ ജി.എ കോഡിനേറ്റര്‍ സാലിം ജീറോഡ്, പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യന്‍, ജോഷി ജോസഫ്, ബേബി മാത്യു, കെ.എം കുര്യാക്കോസ്, മജീദ്, ഉ്സ്മാന്‍, അബ്ദുല്‍ മുനീര്‍, അലി അക്ബര്‍, അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

വിവിധ സന്നദ്ധസംഘടനകളുട സഹകരണത്തില്‍ സ്‌കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് ജനകീയമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിജയത്തിനായി ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി ചെയര്‍മാനും, ഹെഡ്മാസ്റ്റര്‍ എന്‍ മോഹന്‍ദാസ് കണ്‍വീനറും, റോജന്‍ പി.ജെ ട്രഷററുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
വീട് നിര്‍മാണത്തിന് ഉദാരമതികളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിനായി വെറ്റിലപ്പാറ കനറാബാങ്കില്‍ അകൗണ്ട് ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button