മുംബൈ : പ്രമുഖ ബിസിനസ്സുകാരന്റെ കൊലപാതകം സംബന്ധിച്ച് നടിയും നര്‍ത്തകിയുമായ യുവതിയെ ചുറ്റിപറ്റി ദുരൂഹത. രത്നവ്യാപാരി രാജേശ്വര്‍ ഉഡാനി കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രമുഖ നടിയും നര്‍ത്തകിയുമായ യുവതിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയത്. . നടി ദെവോലിന ഭട്ടാചാര്യയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത പൊലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചു. ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയായ ദെവോലിനയ്ക്ക് കുറ്റകൃത്യത്തില്‍ എത്രമാത്രം പങ്കുണ്ടെന്നാണു പൊലീസ് അന്വേഷിക്കുന്നത്. ദെവോലീനയുടെ പങ്കാളിത്തത്തെപ്പറ്റി പൊലീസ് അധികം വെളിപ്പെടുത്താത്തതു സംഭവത്തിന്റെ ദുരൂഹതയേറ്റുന്നു.
രാജേശ്വറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ബാര്‍ സന്ദര്‍ശനവും മോഡലുകളും നടികളും ഉള്‍പ്പെടെയുള്ള സ്ത്രീകളുമായുള്ള ബന്ധവും ചുരുളഴിഞ്ഞത്. കസ്റ്റഡിയില്‍ ആകുന്നതിനു മുമ്പ് ദെവോലിന തന്റെ ഫോണിലെ ചിത്രങ്ങളോ കോള്‍ വിവരങ്ങളോ മറ്റോ മായ്ച്ചു കളഞ്ഞിട്ടുണ്ടെങ്കില്‍ വീണ്ടെടുക്കകയെന്ന ലക്ഷ്യത്തോടെയാണു ഫോറന്‍സിക് പരിശോധന.
ദിവസങ്ങളോളം കാണാതായ രാജേശ്വറിനെ മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ 7 പേര്‍ കസ്റ്റഡിയിലായി. ഇവര്‍ സ്വയം കുറ്റമേല്‍ക്കാതെ പരസ്പരം കുറ്റപ്പെടുത്തി മൊഴി നല്‍കുന്നതു പൊലീസിനെ കുഴപ്പിക്കുകയാണ്. മഹാരാഷ്ട്ര മന്ത്രി പ്രകാശ് മേത്തയുടെ മുന്‍ സഹായിയും ബിജെപി നേതാവുമായ സച്ചിന്‍ പവാര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ ദിനേശ് പവാര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
മുംബൈ ഘാട്‌കോപര്‍ സ്വദേശിയായ രാജേശ്വര്‍ ഉഡാനിയെ നവംബര്‍ 28 മുതലാണു കാണാതായത്. 10 ദിവസത്തിനുശേഷം റായ്ഗഡ് പന്‍വേലിലെ കാട്ടില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ട രാജേശ്വര്‍ ചില ബാറുകളില്‍ സ്ഥിരമായി എത്തിയിരുന്നു. വിനോദ-വ്യവസായ മേഖലയിലെ പല സ്ത്രീകളുമായും അടുപ്പം പുലര്‍ത്തി. സച്ചിന്‍ പവാറിലൂടെയാണ് രാജേശ്വര്‍ ഇത്തരം ബന്ധങ്ങള്‍ സൃഷ്ടിച്ചതും സൂക്ഷിച്ചതും. ഈ ബന്ധങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണോ കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments