KeralaLatest News

രൂപതയില്‍ ജാതീയ വിവേചനം: ദളിത് ക്രൈസ്തവര്‍ മാര്‍ച്ച് നടത്തി

കോട്ടയം•ദളിത് ക്രൈസ്തവ വിശ്വാസികളെ വിജയപുരം രൂപതയുടെ അധികാര അവകാശ മേഖലകളില്‍നിന്നും ഒഴിവാക്കി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഡിസിഎംഎസ് സമരസമിതി വിജയപുരം രൂപതാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. കോട്ടയം മുനിസിപ്പല്‍ പാര്‍ക്കിന് സമീത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ലോഗോസ് ജങ്ഷനില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അഞ്ഞൂറോളം വിശ്വാസികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

അഞ്ച് ജില്ലകളിലായി 84 പള്ളികളുള്ള രൂപതയില്‍ 85 ശതമാനത്തോളം വിശ്വാസികള്‍ ദളിതരാണ്. ഭൂരിപക്ഷമുള്ള തങ്ങള്‍ക്ക് രൂപതയുടെ അധികാര കാര്യങ്ങളിലോ, നടത്തിപ്പ് കാര്യങ്ങളിലോ യാതൊരു അവകാശവും ഇന്നുവരെ നല്‍കിയിട്ടില്ലെന്നാണ് സമരസമിതിയുടെ ആക്ഷേപം. വൈദിക പഠനത്തിനും അംഗീകാരമില്ല. രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ദളിതര്‍ക്ക് ജോലിയും നല്‍കാറില്ല. തുടങ്ങിയ 14 ആവശ്യങ്ങളുന്നയിച്ചാണ് സമരസമിതിയുടെ അവകാശം ഉറപ്പിക്കല്‍ സമരം. രൂപതാനേതൃത്വം ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ അടുത്തഘട്ട സമരത്തിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.

വിജയപുരം രൂപതയിലെ ജാതി വിവേചനത്തിന് എതിരെ ഒട്ടേറെ സമരങ്ങളാണ് ഇവര്‍ നടത്തിയിട്ടുള്ളത്.
ഇന്റര്‍നാഷണല്‍ ദളിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ. വിമലന്‍ യോഗം ഉദ്ഘാടനം ചെയ്തു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, സിഡിഎംഎസ് ചെയര്‍മാന്‍ യു.പി. മാത്യു, കണ്‍വീനര്‍ ഷാജു സെബാസ്റ്റ്യന്‍ ജനറല്‍ സെക്രട്ടറി തോമസ് കുറ്റിവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button