ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ക്രിസ്തുമസ് ട്രീയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ട്രീ അലങ്കരിക്കുക എന്നതാണു ഇതില്‍ പ്രധാനം. ചിലര്‍ വിപണികളില്‍ നിന്നും ട്രീകള്‍ വാങ്ങുമ്പോള്‍ ചിലര്‍ അത് വീടുകളില്‍ തന്നെയുണ്ടാക്കും. എന്നാല്‍ എന്തിനായിരിക്കും ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നതെന്നു നിങ്ങള്‍ക്കറിയാമോ ? അതിനു പിന്നില്‍ ചില കഥകളുണ്ട് അവ ചുവടെ പറയുന്നു.
ഒരു വനപാലകനും കുടുംബവും ഒരു ക്രിസ്മസ് രാത്രിയില്‍ മുറിയില്‍ തീ കായുകയായിരുന്നു. മുട്ടുകേട്ട് അയാള്‍ വാതില്‍ തുറന്നപ്പോള്‍, നിസ്സഹായനായ ചെറിയ കുട്ടി നില്ക്കുന്നു. അദ്ദേഹം അവനെ സ്വീകരിച്ച് കുളിക്കാനും ഭക്ഷിക്കാനും വേണ്ടതു നല്‍കിയശേഷം തന്റെ കുട്ടികളുടെ കിടക്കയില്‍ത്തന്നെ ഉറങ്ങാന്‍ അനുവദിച്ചു. നേരം പുലര്‍ന്നപ്പോള്‍, അതായത് ക്രിസ്മസ് ദിനത്തില്‍ മാലാഖമാരുടെ ഗാനംകേട്ടാണ് അവര്‍ ഉണര്‍ന്നത്. ആ ചെറിയ കുട്ടിയാകട്ടെ, ഉണ്ണിയേശുവായി മാറി. ഉണ്ണിയേശു അവരുടെ കുടിലിന്റെ മുറ്റത്തെ ദേവതാരുവില്‍നിന്ന് ഒരു കമ്പു മുറിച്ച് അവര്‍ക്കു കൃതജ്ഞതയര്‍പ്പിച്ചശേഷം അപ്രത്യക്ഷനായി. ഇതിനുശേഷമാണത്രേ, ക്രിസ്മസ് രാത്രിയില്‍ ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്ന പതിവാരംഭിച്ചതെന്നു പറയപ്പെടുന്നു.
ഇത് മാത്രമല്ല ഇനിയുമുണ്ട് കുറേ കഥകള്‍. നിത്യഹരിതവൃക്ഷങ്ങള്‍, പ്രത്യേകിച്ചും ഫിര്‍ മരങ്ങള്‍ അല്ലെങ്കില്‍ ദേവതാരുമരങ്ങള്‍ ശിശിരകാലാനുബന്ധിയായ ആഘോഷത്തോടനുബന്ധിച്ച് അലങ്കരിക്കുന്നതു പ്രാചീന പതിവായിരുന്നു. വസന്തകാലം വേഗം വന്നെത്തുന്നതിന്, അതായത് പുതുജീവന്റെ ആഗമനത്തിന് വേണ്ടിയുള്ള ഒരാചാരമായിരുന്നു ഇത്. റോമാക്കാര്‍ക്കും ഈ പതിവുണ്ടായിരുന്നത്രെ. ഏതായാലും എ.ഡി. ആയിരത്തോടടുത്ത് നിത്യജീവന്റെ അടയാളമായിട്ടാണ് ക്രിസ്മസ് ട്രീ ഒരുക്കിത്തുടങ്ങിയത്.
ക്രിസ്തുവിന്റെ മനുഷ്യാവതാരംവഴി നമുക്കു നിത്യജീവന്, മരണത്തെ അതിജീവിക്കുന്ന നവജീവന്‍ നേടിത്തന്നതിന്റെ അനുസ്മരണമാണ് ഇതു വഴി നാം ആഘോഷിക്കുക. പിരമിഡ് ആകൃതിയിലുള്ള ഈ മരങ്ങള്‍ പറുദീസയിലെ മരങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നും പറയപ്പെടുന്നു. പഴയ ക്രിസ്ത്യന്‍ പഞ്ചാംഗമനുസരിച്ച് ഡിസംബര്‍ 24 ആദം, ഹവ്വമാരുടെ ദിവസമായിരുന്നത്രെ. അതുകൊണ്ട് ഈ വൃക്ഷം ഏദനിലെ വൃക്ഷത്തെ സൂചിപ്പിക്കുന്നതായി ക്രൈസ്തവര്‍ കരുതിയിരുന്നു എന്നും പറയപ്പെടുന്നു.
Post Your Comments