കൊച്ചി: സംസ്ഥാനത്ത് എടിഎം മാതൃകയില്‍ കുടിവെള്ള വിതരണം . അട്ടപ്പാടിയിലെ ഷോളയാര്‍ പഞ്ചായത്തിലാണ് ആദ്യമായി കുടിവെള്ള വിതരണം എടിഎം മാതൃകയില്‍ നടപ്പിലാക്കുന്നത്.
പോക്കറ്റില്‍ നിന്നു കാര്‍ഡെടുത്ത് വാട്ടര്‍ ടാങ്കിന്റെ നിശ്ചിതഭാഗത്തുള്ള സെന്‍സറില്‍ കാണിക്കുക. പൈപ്പിനു മുമ്പില്‍ പാത്രം വയ്ക്കുക. കുടിവെള്ളം റെഡി. പഞ്ചായത്തിലെ നാലു കേന്ദ്രങ്ങളില്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമവാസികള്‍ റീച്ചാര്‍ജ് ചെയ്യാവുന്ന കാര്‍ഡ് ഉപയോഗിച്ചാണു കുടിവെള്ളം ശേഖരിക്കുന്നത്. ഷോളയൂര്‍ സാന്പാര്‍കോട് ഊരില്‍ സ്ഥാപിച്ചിട്ടുള്ള ജലശുദ്ധീകരണ പ്ലാന്റിലേക്ക് (റിവേഴ്‌സ് ഒസ്‌മോസിസ്-ആര്‍ഒ പ്ലാന്റ്്) ശിരുവാണിപ്പുഴയില്‍ നിന്നാണു വെള്ളമെത്തിക്കുന്നത്. മണിക്കൂറില്‍ അയ്യായിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റില്‍ നിന്നു, എടിഎം മാതൃകയിലുള്ള മെഷീനും ആയിരം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും സ്ഥാപിച്ചിട്ടുള്ള നാലു കേന്ദ്രങ്ങളിലേക്കു വെള്ളമെത്തിക്കും. ഒരാള്‍ക്ക് ദിവസം 20 ലിറ്റര്‍ ശുദ്ധമായ കുടിവെള്ളമാണു കാര്‍ഡുപയോഗിച്ചു ശേഖരിക്കാനാവുക. പത്തു ലിറ്റര്‍ വീതം രണ്ടു തവണയായും ശേഖരിക്കാം.
എടിഎം ഡെബിറ്റ് കാര്‍ഡിനു സമാനമായ കാര്‍ഡുകള്‍ ഗ്രാമവാസികള്‍ക്കു വിതരണം ചെയ്തിട്ടുണ്ട്. വെള്ളമെടുക്കുന്ന ആദിവാസി വിഭാഗക്കാരുടെ കാര്‍ഡില്‍ നിന്നു ലിറ്ററിന് 25 പൈസയും മറ്റുള്ളവരുടേതില്‍ നിന്നു അമ്പതു പൈസയുമാണ് ഡെബിറ്റാവുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം പദ്ധതിയുടെ നടത്തിപ്പു ചെലവുകള്‍ക്കായി ഉപയോഗിക്കും.
Post Your Comments