NattuvarthaLatest News

ഹോട്ടല്‍ ഉടമകള്‍ ചപ്പാത്തിക്കട ജീവനക്കാരനെ മര്‍ദ്ദിച്ചു

ബാലരാമപുരം: ചപ്പാത്തിക്കടയിലെ ജീവനക്കാരന്‍ സമീപത്തെ ഹോട്ടല്‍ ഉടമകളുടെ കൈയ്യില്‍ നിന്നും ക്രൂര മര്‍ദ്ദനം. സ്ഥിരമായി ഹോട്ടലിലേക്ക് നല്‍കാറുള്ള ചപ്പാത്തികളോടൊപ്പം സൗജന്യ ചപ്പാത്തികള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. ബാലരാമപുരം വഴിമുക്കിലെ ചപ്പാത്തിക്കടയില്‍ 11നു രാത്രി 9 മണിയോടെയാണ് സംഭവം. ചപ്പാത്തിക്കടയിലെ ജീവനക്കാരനായ മൂനീറിനാണ് മര്‍ദ്ദനമേറ്റത്. മലപ്പുറം സ്വദേശിയായ ഇദ്ദേഹം മൂന്ന് ദിവസം മുമ്പാണ് ഈ കടയില്‍ ജോലിയില്‍ പ്രവേശിച്ചത്. സമീപത്ത് കുടുംബശ്രീയുടെ ഹോട്ടല്‍ നടത്തുന്ന റഊഫ്, മകന്‍ റാഷിദ് എന്നിവര്‍ ചേര്‍ന്നാണ് മുനീറിനെ മര്‍ദ്ദിച്ചത്. സാധാരണയായി ഓര്‍ഡര്‍ ചെയ്ത ചപ്പാത്തികളോടൊപ്പം കുറച്ച് ചപ്പാത്തികള്‍ സൗജന്യമായി നല്‍കാറുണ്ടായിരുന്നു.

80 ചപ്പാത്തികള്‍ക്കായിരുന്നു റഊഫ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഇതിനൊപ്പം മൂന്ന് ചപ്പാത്തികള്‍ മുനീര്‍ അധികമായി വെച്ചു. എന്നാല്‍ അഞ്ചെണ്ണം കൂടുതല്‍ വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് റഊഫും മുനീറും തന്നില്‍ വാക്കേറ്റമുണ്ടായി. മുതലാളിയുടെ അനുമതിയില്ലാതെ താന്‍ അതു ചെയ്യില്ലെന്ന് മുനീര്‍ തറപ്പിച്ചു പറഞ്ഞു. ക്ഷുഭിതനായി പുറത്തേക്കിറങ്ങിയ റഊഫ് മകന്‍ റാഷിദിനേയും കൂട്ടി ചപ്പാത്തിക്കടയില്‍ തിരിച്ചെത്തി മുനീറിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവം വിവാദമായതോടെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ പ്രാദേശിക സിപിഎം നേതൃത്വം ഇടപെടുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് മുനീര്‍.

shortlink

Post Your Comments


Back to top button