കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ സംസ്ഥാനത്തെ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. യു കെയില്‍ നിന്നുള്ള ആയിരത്തിനടുത്ത് വിനോദ സഞ്ചാരികളുമായി മൂന്ന് ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളാണ് ഇന്നലെയും ഇന്നുമായി നെടുമ്പാശ്ശേരിയിലെത്തിയത്. കപ്പല്‍ മാര്‍ഗവും വിദേശ വിനോദ സഞ്ചാരികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലെത്തി കഴിഞ്ഞു. എറണാകുളം ആലപ്പുഴ ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് എത്തിയ സഞ്ചാരികള്‍ രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് നടത്തുക.
പ്രളയത്തിനു ശേഷം സംസ്ഥാനത്ത് ആദ്യമായാണ് വിദേശ വിനോദ സഞ്ചാരികളുടെ വലിയ സംഘം തന്നെ എത്തുന്നത്. സംസ്ഥാനത്തെ പ്രളയം വിദേശ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കു ഇടം നേടിയപ്പോള്‍ ഏറ്റവും ദോഷകരമായി ബാധിച്ചത് ടൂറിസം മേഖലയെ ആയിരുന്നു. കേരളത്തിലെ എയര്‍പോര്‍ട്ടുകളും യാത്രാ സൗകര്യങ്ങളും പൂര്‍ണമായും തകര്‍ന്നു എന്ന രീതിയിലുള്ള പ്രചരണമാണ് നടന്നത്. ഓണം സീസണിലെ ടൂറിസം വ്യവസായം വന്‍ നഷ്ടത്തിലാണ് അവസാനിച്ചത്. പിന്നീട് മൂന്നു മാസക്കാലം കേരളത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ടൂറിസം മേഖല മൊത്തത്തില്‍ നിര്‍ജീവമായ അവസ്ഥയില്‍ ആയിരുന്നു. പ്രളയത്തിനു ശേഷം ഉണ്ടായേക്കാവുന്ന മാലിന്യപ്രശ്‌നങ്ങളും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചേക്കാമെന്ന ഭീതിയും സഞ്ചാരികളുടെ വരവിനെ തടയിട്ടു.
എന്നാല്‍ പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ച സംസ്ഥാന സര്‍ക്കാര്‍ മേഖലയിലെ ആശങ്കകളെ ലഘൂകരിച്ചു കഴിഞ്ഞു. മറ്റു മേഖലകളെപ്പോലെ ടൂറിസം മേഖലയും സജീവമാകുകയാണ്.
ഇന്നലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഊഷ്മള സ്വീകരണമാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നല്‍കിയത്. പഞ്ചവാദ്യവും കഥകളിയും മുത്തുക്കുടയും സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുക്കിയിരുന്നു. ഉച്ചയോടെയെത്തിയ രണ്ടു വിമാനങ്ങളിലായി 600 നടുത്ത് വിദേശ സഞ്ചാരികളുണ്ടായിരുന്നു. എല്ലാവരെയും ചന്ദനക്കുറി ചാര്‍ത്തിയാണ് സ്വീകരിച്ചത്. 300 യാത്രക്കാരുമായി ഒരു വിമാനം കൂടി ഇന്നെത്തും.
കൊച്ചി കായലില്‍ ബോട്ട് യാത്ര, ഫോര്‍ട്ടുകൊച്ചി സന്ദര്‍ശനം, മട്ടാഞ്ചേരി സന്ദര്‍ശനം, മറൈന്‍ഡ്രൈവ്, ബ്രോഡ് വേ എന്നിവിടങ്ങളില്‍ വാക്കിംഗ് ടൂര്‍ എന്നിവയാണ് വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ വൈക്കം , കുമ്പളങ്ങി എന്നിവിടങ്ങളിലെ ടൂറിസം ഗ്രാമങ്ങളിലും സന്ദര്‍ശനം നടത്തും. കൊച്ചി ബിനാലെയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തയാറായി കഴിഞ്ഞു.
ആലപ്പുഴയില്‍ ഒരു ദിവസത്തെ ഹൗസ് ബോട്ട് യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസം സംഘം ഇവിടെ ചെലവഴിക്കും. പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിലും സംഘമെത്തും.
ലെ പാസേജ് ടു ഇന്ത്യ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സിയാണ് മേല്‍നോട്ടം വഹിക്കുന്നത്.
‘നമ്മള്‍ തയാറായി ‘ എന്ന സന്ദേശം ലോകത്തിനു മുമ്പില്‍ എത്തിയതിന്റെ തെളിവാണ് വിദേശ സഞ്ചാരികളുടെ വരവ് തെളിയിക്കുന്നതെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി വിജയകുമാര്‍ പറഞ്ഞു. ടൂറിസത്തിന് നല്ല തുടക്കമാണ് ലഭിച്ചത്. ഇനി സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകുമെന്നുള്ള സൂചനകളാണ് തരുന്നത്. ബിനാലെ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ കാഴ്ചകളും നല്‍കും. ഒരു ദിവസം കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടെ ചെലവഴിക്കാനുള്ള അവസരം കൊടുക്കുകയാണ് ബിനാലെ ചെയ്യുന്നത്.സന്ദര്‍ശകരുമായി യാത്രാ കപ്പലുകളും എത്തിയത് മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരുന്നതാണ്. കേരളം തയ്യാറായി എന്ന സന്ദേശം അന്താരാഷ്ട്ര വിനോദ സഞ്ചാര ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ എത്തിയതായും വിജയകുമാര്‍ പറഞ്ഞു.
Post Your Comments