Latest NewsKerala

യുവാക്കളുടെ കൂട്ടായ്മ പ്രളയാനന്തര കേരളത്തിന് കരുത്താകും – മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയാനന്തര കേരളത്തിന് പുനർനിർമ്മാണത്തിന് ചലച്ചിത്രമേളയിലെ കൂട്ടായ്മ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങ് നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്തെപ്പോലെ ചലച്ചിത്രമേളയുടെ നടത്തിപ്പിന്റെ വിവിധ മേഖലകളിൽ സജീവമായ സന്നദ്ധപ്രവർത്തനം നടത്താൻ യുവാക്കൾ തയ്യാറായി. ഹർത്താൽദിനത്തിൽ സൗജന്യഭക്ഷണം നൽകാനും യുവാക്കളുടെ കൂട്ടായ്മയ്ക്ക് സാധിച്ചു. ഈ യുവതലമുറയിലാണ് പുരോഗമന കേരളത്തിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മേളയുടെ സിഗ്‌നേച്ചർ ചിത്രത്തിൽ ആവിഷ്‌കരിച്ചതുപോലെ കോർത്തുപിടിച്ച കൈകളുമായാണ് ഈ മേള വിജയകരമാക്കാൻ സർവ്വരും പ്രയത്നിച്ചത്. മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കാനും ജാതിയുടേയും മതത്തിന്റേയും സങ്കുചിതത്വത്തിനെതിരെ ചിന്തിക്കാനുമുള്ള സന്ദേശം പങ്കുവയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഒരുവശത്ത് വർഗീയശക്തികൾ കേരളത്തെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ ഇതുപോലുള്ള മേളകൾ പുരോഗമന ചിന്താഗതിക്കാർക്ക് പ്രചോദനമാണ്. നമ്മെ ചൂഴ്ന്നുകൊണ്ടിരിക്കുന്ന ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കടക്കാൻ കരുത്തുപകരുന്നതാണ് ഈ കാഴ്ചകൾ. അതുകൊണ്ടുതന്നെ ഇത്തരം മേളകൾ ശക്തിപ്പെടുത്തുന്നതിനുള്ള കർമപരിപാടികളുമായി മുന്നോട്ടുപോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ മേളയിലെ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.

ഏതു പ്രതിസന്ധിയേയും മാനവികതയുടെ ഐക്യംകൊണ്ട് നേരിടാനാകുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മാധ്യമപുരസ്‌കാരങ്ങൾ മന്ത്രി സമ്മാനിച്ചു. മന്ത്രി വി.എസ് സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. മേയർ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, വൈസ് ചെയർപേഴ്സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button