KeralaLatest News

വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം• വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സ്ത്രീകളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിനാലാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ വനിതാമതില്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതില്‍ അണിചേരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി മനുഷ്യാവകാശ ദിനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ‘സധൈര്യം മുന്നോട്ട്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകം മുഴുവന്‍ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും ആത്മാഭിമാനത്തോടെയും അന്തസോടെയും ജീവിക്കാന്‍ വേണ്ടിയുമാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ആ ദിനത്തിലാണ് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സധൈര്യം മുന്നോട്ട് ക്യാമ്പയിന്‍ തുടങ്ങുന്നത്. സ്വാതന്ത്ര്യം നേടിയിട്ട് ഏഴ് പതിറ്റാണ്ടുകളായെങ്കിലും ഇപ്പോഴും പലവിധ അസമത്വങ്ങളും നിലനില്‍ക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനമാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അസമത്വവും ചൂഷണവും. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിനായിട്ടാണ് ഭരണഘടന നിലകൊള്ളുന്നത്. എന്നാല്‍ ആ ഭരണഘടനയ്‌ക്കെതിരായാണ് അടുത്തിടെ ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്.

വളരെയധികം പാരമ്പര്യമുള്ള കേരളത്തെ തകര്‍ക്കാന്‍ പല ഛിദ്ര ശക്തികളും ശ്രമിക്കുകയാണ്. പലതരം അനാചരങ്ങള്‍ക്കെതിരെ പൊരുതിയ നാടാണ് കേരളം. സ്വാമി വിവേകാന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്നാണ് വിളിച്ചത്. ആ ഭ്രാന്താലയത്തെ മനുഷ്യാവകാശം സംരക്ഷിക്കുന്ന കേന്ദ്രമാക്കി മാറ്റിയത് നവോത്ഥാനത്തിലൂടെയാണ്. സ്ത്രീകള്‍ തന്നെ പലവിധ ചൂഷണത്തിന് വിധേയരായിരുന്നു. മാറുമറയ്ക്കാന്‍ അവകാശമില്ലായ്മ, സ്വന്തം ശരീരം ജന്മിക്ക് അടിയറവ് വയ്ക്കുക, മുലക്കരം തുടങ്ങിയവയ്‌ക്കെല്ലാം മാറ്റം വരുത്താനായത് നവോത്ഥാനത്തിലൂടെയാണ്.

ആചാരങ്ങളുടെ പേരുപറഞ്ഞ് സുപ്രീം കോടതി വിധിയ്‌ക്കെതിരെ അക്രമാസക്തരായി ചിലര്‍ രംഗത്തിറങ്ങുകയാണ്. ജൈവശാസ്ത്രപരമായ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ പാടില്ല. നമ്മുടെ ഭരണഘടനാപരമായ പൗരാവകാശം സംരക്ഷിക്കണം. മുമ്പ് ഓരോ അനാചാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴും ഇതുപോലെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ ആ എതിര്‍പ്പുകള്‍ മറികടന്നാണ് നവോത്ഥാനം ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ വലിയതോതില്‍ മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പഴയ തലമുറയില്‍ നിന്നും ഇന്നത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് പിന്നില്‍ വലിയ പോരാട്ടമാണ് നടത്തേണ്ടി വന്നത്. അതിനാല്‍ തന്നെ അടുത്ത തലമുറയ്ക്ക് നന്നായി ജീവിക്കാന്‍ നമ്മള്‍ ഇടപെടേണ്ടതുണ്ട്. സ്ത്രീകള്‍ അവഹേളിക്കപ്പെടാത്ത നല്ല ഒരു സമൂഹമുണ്ടാകണം. വലിയൊരു ഉത്തരവാദിത്യമാണ് സ്ത്രീകള്‍ ഏറ്റെടുക്കേണ്ടത്. ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സ്ത്രീകളെ ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുകയാണ്. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ആര്‍ത്തവം അശുദ്ധമാണെന്ന കാഴ്ചപ്പാട് മാറ്റിയെടുക്കണം. ആര്‍ത്തവമെന്ന പ്രകൃയയില്ലെങ്കില്‍ മനുഷ്യന്റെ നിലനില്‍പ് തന്നെ ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനായി സ്ത്രീധനം, ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവക്കെതിരെ വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച തുടര്‍ ക്യാമ്പയിനാണ് സധൈര്യം മുന്നോട്ട്. ഇതിനിടയിലാണ് ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ആരാധനയില്‍ നിന്നു പോലും മാറ്റി നിര്‍ത്തുന്ന സ്ഥിതിയുണ്ടായത്. അതിനാലാണ് ‘സധൈര്യം മുന്നോട്ട്’ ക്യാംപയനില്‍ സ്ത്രീ-ആര്‍ത്തവം-പൗരാവകാശം കൂടി ഉള്‍പ്പെടുത്തിയത്. എല്ലാ പൗരാവകാശങ്ങളും എല്ലാവര്‍ക്കും എന്ന ലക്ഷ്യവുമായാണ് ‘സധൈര്യം മുന്നോട്ട്’ പ്രചാരണം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ഇന്‍ ചാര്‍ജ് ഡോ. ഷാര്‍മിള മേരി ജോസഫ് ഐ.എ.എസ്., ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, നിര്‍ഭയ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. നിശാന്തിനി ഐ.പി.എസ്., സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ശാമിലി ശശികുമാര്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button