താമരശ്ശേരി: കോഴിക്കോട് ബാറിനു സമീപം രക്തത്തില്‍ കുളിച്ച് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിലെ ജീവനക്കാരാണ് പ്രതികള്‍. ചമല്‍ പൂവന്‍മല സ്വദേശി റിബാഷിന്റെ മൃതദേഹമാണ് രക്തം വാര്‍ന്ന നിലയില്‍ ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. തുടര്‍ന്ന് ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരും ബാറിലെത്തിയ റിബാഷ്, മദ്യപിച്ച് മടങ്ങും വഴി ബാറിലെ സെക്യൂരിറ്റിക്കാരനുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുരക്ഷാ ജീവനക്കാരനായ ബിജു എന്നയാളാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. സംഘത്തിലെ ഒരാള്‍ റിഷാബിന്റെ കഴുത്തില്‍ അടിച്ചതായും ഇതിന്റെ ആഘാതത്തില്‍ യുവാവ് താഴെ വീണെന്നും പോലീസ് പറഞ്ഞു. ബാറിന്റെ മുന്‍ഭാഗത്തെ റോഡില്‍ രക്തക്കറകള്‍ കണ്ടതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.
റിബാഷിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അബോധാവസ്ഥയിലായ ആളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുപകരം സെക്യൂരിറ്റി ജീവനക്കാര്‍ ബാറിനുമുറ്റത്ത് അരികിലേക്ക് മാറ്റിക്കിടത്തി. തുടര്‍ന്ന് രാത്രി പന്ത്രണ്ടുമണിയോടെ റിബാഷിന്റെ മുഖത്തും തലയിലും വെള്ളമൊഴിച്ചശേഷം ബാറിന്റെ പുറത്ത് ദേശീയപാതയോരത്തെ കടത്തിണ്ണയില്‍ എടുത്തു കിടത്തുകയും ചെയ്തു.
അതേസമയം ശനിയാഴ്ച പുലര്‍ച്ചെ പത്രമിടാന്‍ വന്നയാള്‍ കടത്തിണ്ണയില്‍ റിബാഷിന്റെ മൃതദേഹം കണ്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ താമരശ്ശേരി ഡിവൈ.എസ്.പി.യുടെ ചുമതല വഹിക്കുന്ന വടകര ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. എം. സുബൈര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൂടാതെ മൃതദേഹത്തിനടുത്ത് കുറേ ചെരുപ്പുകള്‍ എടുത്തുവച്ചിരുന്നു. അടിപിടി നടന്നെന്ന് വരുത്താനാണ് ഇത് ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്.
Post Your Comments