KeralaLatest NewsIndia

ബാലുശ്ശേരി കള്ളനോട്ട് കേസ് : സ്വന്തം വീട്ടിൽ കള്ളനോട്ടടി നടക്കുന്നുണ്ടെന്ന് ‘അമ്മ അറിഞ്ഞത് പോലീസ് എത്തിയപ്പോൾ മാത്രം

പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ വച്ചുള്ള കള്ളനോട്ട് നിര്‍മ്മാണത്തെക്കുറിച്ച്‌ അമ്മ അറിയുന്നത്.

ബാലുശ്ശേരി: കള്ളനോട്ടു നിര്‍മ്മാണ കേസില്‍ മൂന്നംഗ സംഘം പൊലീസ് പിടിയിലായ സംഭവത്തിൽ പ്രായമായ അമ്മയെ അതിവിദഗ്ദമായി കബളിപ്പിച്ചാണ് പ്രതി രാജേഷ് കൂട്ടുകാരോടൊപ്പം ചേര്‍ന്ന് വീട് കള്ളനോട്ടടി കേന്ദ്രമാക്കി മാറ്റിയത്. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ വച്ചുള്ള കള്ളനോട്ട് നിര്‍മ്മാണത്തെക്കുറിച്ച്‌ അമ്മ അറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വീട് പൂട്ടി സീല്‍ ചെയ്തതിനാല്‍ ഇവര്‍ മൂത്ത മകനൊപ്പമാണ് ഇപ്പോള്‍ താമസം.

ജയില്‍ വാസത്തിനിടെ സൗഹൃദത്തിലായ മൂവര്‍ സംഘം ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെ കള്ളനോട്ടടി തൊഴിലായി തിരഞ്ഞെടുക്കുക ആയിരുന്നു.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിര്‍മ്മിക്കാനുള്ള സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. ഏതാനും ദിവസങ്ങളായി ഇവര്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കള്ളനോട്ട് നിര്‍മ്മാണത്തിന്റെ ബുദ്ധികേന്ദ്രം വില്‍ബര്‍ട്ടായിരുന്നു. ഇയാളാണു പ്രിന്റിങ് മെഷീന്‍, വിവിധ തരം മഷികള്‍, നോട്ടിന്റെ വലുപ്പമുള്ള കടലാസുകള്‍ എന്നിവ സംഘടിപ്പിച്ചത്.

ബഹ്‌റൈനില്‍ നിന്നു വന്ന സുഹൃത്താണെന്നു പറഞ്ഞാണ് രാജേഷ് കൂട്ടുപ്രതി വില്‍ബര്‍ട്ടിനെ അമ്മയ്ക്ക് പരിചയപ്പെടുത്തിയത്. വില്‍ബര്‍ട്ടിന്റെ വസ്തു സംബന്ധമായ കേസ് കോടതിയില്‍ നടക്കുന്നതിനിനാല്‍ ഇടയ്ക്ക് അവന്‍ ഇവിടെ താമസിക്കാനെത്തുമെന്നാണ് അമ്മയോട് പറഞ്ഞത്. 5 മാസം മുന്‍പാണ് വില്‍ബര്‍ട്ട് ഇവിടെ എത്തുന്നത്. വീട്ടിലെ ജോലിക്കാരിയോട് വില്‍ബര്‍ട്ട് വാടകയ്ക്ക് താമിക്കാനെത്തിയതാണെന്നാണ് ഇവര്‍ പറഞ്ഞത്. രാജേഷ് അസുഖ ബാധിതനായപ്പോള്‍ ആശുപത്രിയില്‍ വച്ചാണ് മറ്റൊരു പ്രതിയായ വൈശാഖിനെ അമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.

നോട്ടടിക്കാന്‍ പാകത്തിലുള്ള 200 എണ്ണം വീതമുള്ള കടലാസുകളുടെ 76 കെട്ടുകള്‍, നിര്‍മ്മിച്ച കള്ളനോട്ടുകള്‍, മറ്റു സാമഗ്രികള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. മുറി നിറയെ കള്ളനോട്ട് നിര്‍മ്മാണത്തിനു വേണ്ട സാമഗ്രികളായിരുന്നു. പിടികൂടിയ രാസസംയുക്തങ്ങള്‍ ഫൊറന്‍സിക് സംഘം പരിശോധിച്ചു. മാനിനെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയ കേസില്‍ നേരത്തേ രാജേഷ് വനപാലകരുടെ പിടിയിലായിരുന്നു. ഈ കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണു രാജേഷ് കള്ളനോട്ട് കേസില്‍ മലപ്പുറത്തു നിന്നു പിടിയിലായ പ്രതി വില്‍ബര്‍ട്ടും ബോംബേറ് കേസിലെ പ്രതി വൈശാഖുമായി പരിചയത്തിലാകുന്നത്.

shortlink

Post Your Comments


Back to top button