![](/wp-content/uploads/2018/12/fest-img1.jpg)
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദികള്‍ നാളെ ഉണരും. 29 വേദികളില്‍ 188 ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കാന്‍ തയ്യാറായി പന്ത്രണ്ടായിരത്തോളം കുട്ടികളും. ചെലവു ചുരുക്കിയാണ് ഇത്തവണ കലോത്സവം നടത്തുന്നത്. നാളെ രാവിലെ 8.30 ന് ഗവ. മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ പതാകയുയര്‍ത്തും.
ഉദ്ഘാടന, സമാപന സമ്മേളനങ്ങളോ സ്വര്‍ണക്കപ്പ് കൈമാറ്റമോ ട്രോഫി വിതരണമോ ഒന്നുമില്ലാത്ത സ്‌കൂള്‍ കലോത്സവം മത്സരാര്‍ഥികള്‍ക്കെന്ന പോലെ മലയാളികള്‍ക്കാകമാനം പുതിയൊരനുഭവമാണ്. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം നടത്തുന്ന കലോത്സവത്തില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് വിതരണം ചെയ്യുക. വിദൂര ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ഇന്ന് വൈകുന്നേരത്തോടെ ആലപ്പുഴയിലെത്തുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.
മേളയിലേക്കെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിച്ച് താമസ കേന്ദ്രങ്ങളിലെത്തിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുക. 18 സ്‌കൂള്‍ ബസുകള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സി സ്റ്റാന്റിലും റയില്‍വേ സ്റ്റേഷനിലും പ്രത്യേക സഹായ കേന്ദ്രങ്ങളും യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10 സ്‌കൂളുകളിലും 2 കോളജുകളിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ തയ്യാറാക്കുന്ന ഭക്ഷണം മൂന്ന് കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യും. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘത്തിനാണ് പാചകചുമതല. സ്‌റ്റേഡിയത്തിലും ഊട്ടുപുരയുണ്ടാകും.
Post Your Comments