ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്ത വിനിമയ ഉപഗ്രഹമായ ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജിസാറ്റ് 11നെ ഭ്രമണ പഥത്തിലെത്തിച്ചത്. ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.07നായിരുന്നു വിക്ഷേപണം. ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്ത വിനിമയ ഉപഗ്രഹമാണിത്. 5845 കിലോ ഭാരമാണ് ഉപഗ്രഹത്തിനുള്ളത്.
ഗ്രാമീണമേഖലയിലെ ഇന്റര്‍നെറ്റിന്റെ വേഗം കൂട്ടുകയാണ് ജിസാറ്റ്-11ന്റെ പ്രാഥമിക ലക്ഷ്യം. റേഡിയോ സിഗ്നലുകള്‍ സ്വീകരിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്. 1117 കോടി രൂപയാണ് ഉപഗ്രഹത്തിനും വിക്ഷേപണത്തിനുമായി ചെലവായത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഏരിയന്‍ 5 റോക്കറ്റിനുള്ളത്.
ജിസാറ്റ്-11 മെയില്‍ വിക്ഷേപിക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ഇസ്രോ) ലക്ഷ്യമിട്ടിരുന്നതെങ്കിലും ചില തകരാറുകള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ ഉപഗ്രഹം തിരിച്ചു വിളിച്ചിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമാണ് വീണ്ടും വിക്ഷേപണം നടത്തിയത്. ഈ ശ്രേണിയില്‍ പെട്ട ജിസാറ്റ്-19, ജിസാറ്റ്-29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ് 20 അടുത്ത വര്‍ഷം വിക്ഷേപിക്കും. ഇന്ത്യയുടെ ഉപഗ്രഹത്തിനോടൊപ്പം ദക്ഷിണ കൊറിയയുടെ ഉപഗ്രഹവും ഏരിയന്‍ ഭ്രമണ പഥത്തിലെത്തിച്ചു.
Post Your Comments