KeralaLatest News

പ്രസിഡന്റ് രാജിവെച്ചു; യു.ഡി.എഫിന് ബ്ലോക്ക് ഭരണം നഷ്ടമായി

വടകര: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തിരുവള്ളൂര്‍ മുരളി രാജിവെച്ചു. എല്‍.ഡി.എഫ്. അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍ മേല്‍ തിങ്കളാഴ്ച ചര്‍ച്ച നടന്ന ശേഷമാണ് രാജി. ഇതോടെ ബ്ലോക്ക് ഭരണം യു.ഡി.എഫിന് നഷ്ടമായി. എല്‍.ഡി.എഫ്. ഭരണത്തിലെത്താനുള്ള സാഹചര്യവും ഒരുങ്ങി. പ്രസിഡന്റിന്റെ താത്കാലിക ചുമതല വൈസ് പ്രസിഡന്റ് എല്‍.ജെ.ഡി.യിലെ സുമ തൈക്കണ്ടിക്ക് നല്‍കുകയും ചെയ്തു. നേരത്തേ യു.ഡി.എഫിലായിരുന്ന എല്‍.ജെ.ഡി.യിലെ (പഴയ ജെ.ഡി.യു.) സുമ തൈക്കണ്ടി എല്‍.ഡി.എഫിന്റെ ഭാഗമായതോടെയാണ് അവിശ്വാസ പ്രമേയത്തിന് തുടക്കം കുറിച്ചത്.

പതിമൂന്ന് അംഗങ്ങളുള്ള തോടന്നൂര്‍ ബ്ലോക്കില്‍ 7 സീറ്റുകള്‍ നേടിയാണ് 2015-ല്‍ യുഡിഎഫ് അധികാരത്തിലെത്തിയത്. സുമ തൈക്കണ്ടി എല്‍.ഡി.എഫ്. പക്ഷത്തെത്തിയതോടെ യു.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടമായി. സുമ ഉള്‍പ്പെടെ 7 അംഗങ്ങളാണ് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇത് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യോഗം ചേര്‍ന്നപ്പോള്‍ യു.ഡി.എഫ്. അംഗങ്ങളാരും പങ്കെടുത്തില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ മുരളിയെ നേരത്തേ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. മുരളിക്ക് കോണ്‍ഗ്രസുമായോ യു.ഡി.എഫുമായോ ഒരു ബന്ധവും ഇല്ലെന്ന് കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button