മുംബൈ: വായ്പയെടുത്ത് ചെയ്ത വഴുതന വിളവെടുത്തപ്പോള്‍ കിട്ടിയ തുച്ഛ വിലയില്‍ മനംനൊന്ത് കര്‍ഷകന്‍ വഴുതനപ്പാടം വെട്ടിനശിപ്പിച്ചു. മറ്റൊരു കര്‍ഷകന്‍ ഏഴര ക്വിന്റല്‍ ഉള്ളി വിറ്റു കിട്ടിയ നിസ്സാരതുക, പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്ത് പ്രതിഷേധം അറിയിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ സാകുരി ഗ്രാമത്തില്‍ രാജേന്ദ്ര ബാവക്കെ എന്ന കര്‍ഷകന് ഒരു കിലോ വഴുതനയ്ക്ക് 20 പൈസയാണ് ലഭിച്ചത്. രണ്ട് ലക്ഷം രൂപ മുതല്‍മുടക്കി കൃഷിചെയ്തിട്ട് നേടാനായത് 65,000 രൂപ മാത്രമാണെന്ന് ഇയാള്‍ പറയുന്നു. മനംനൊന്ത രാജേന്ദ്ര ഇദ്ദേഹം അടുത്ത വിളപ്പെടുപ്പിനായി നട്ട വഴുതനച്ചെടികള്‍ മുഴുവന്‍ വെട്ടിനശിപ്പിച്ചു.
അതേസമയം നാസികിലെ നിപാദില്‍ കഴിഞ്ഞ ദിവസം ഏഴര ക്വിന്റല്‍ ഉള്ളി വിറ്റ് കിട്ടിയത് തുച്ഛമായ 1,064 രൂപയാണ്. കര്‍ഷകനായ സഞ്ജയ് സാഥെ ഈ തുക പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച് കൊടുത്ത് പ്രതിഷേധിച്ചു. കിലോയ്ക്ക് ഒരു രൂപ വെച്ച് നല്‍കാമെന്നാണ് മൊത്തക്കമ്പോളത്തിലെ കച്ചവടക്കാര്‍ പറഞ്ഞത്. വിലപേശിയപ്പോള്‍ കിലോക്ക് 1.40 രൂപ വെച്ച് കിട്ടി. ഇത്തരമൊരു അവസ്ഥ വേദനാജനകമാണ്. തുടര്‍ന്നാണ് കിട്ടിയ മുഴുവന്‍ കാശും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചുകൊടുത്തതെന്ന് സഞ്ജയ് പറഞ്ഞു. പണം അയച്ചതിന് 54 രൂപ വേറെയും ചെലവായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments