Latest NewsKerala

വിശപ്പിന്റെ വിലയറിയാത്തതാണ് പുതു തലമുറയുടെ പ്രശ്‌നം: ഹരിശ്രീ അശോകന്‍

കാക്കനാട്: വിശപ്പിന്റെ വിലയറിയാത്തതാണ് പുതു തലമുറ നേരിടുന്ന പ്രശ്‌നമെന്ന് സിനിമാ താരം ഹരിശ്രീ അശോകന്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രററികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടന്ന കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിശപ്പ് ഭക്ഷിച്ചാണ് താനൊക്കെ വളര്‍ന്നത്. ഇന്ന് മാതാപിതാക്കള്‍ മക്കളുടെ സന്തോഷത്തിനായാണ് ജീവിക്കുന്നത്. അതിനാല്‍ അവരുടെ ഏതാഗ്രഹവും അവര്‍ സാധിച്ചു നല്‍കുന്നു. ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കുന്നതോടൊപ്പം തങ്ങളുടെ മക്കളെ കൃത്യമായി നിരീക്ഷിക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളോട് ശാസനാ രീതി വിട്ട്‌സ്‌നേഹ പൂര്‍വ്വമായ രീതിയില്‍ ഇടപഴകാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ അധ്യക്ഷത വഹിച്ചു.ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തന മികവിനായി ജില്ലാ പഞ്ചായത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

 

പ്രളയത്തില്‍ നാശം സംഭവിച്ച സ്‌കൂളുകളെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പുനരുദ്ധരിച്ചു കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്ക് സ്വയ രക്ഷക്കായുള്ള കളരി അടക്കമുള്ള ആയോധന മുറകള്‍ സ്‌കൂളുകളില്‍ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികളും ഉടന്‍ നടപ്പാക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ് മുഖ്യ പ്രഭാഷണം നടത്തി. പൊതുമരാമത്ത് സ്റ്റാഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ.. അയ്യപ്പന്‍ കുട്ടി, അംഗങ്ങളായ ജോര്‍ജ് ഇടപ്പരത്തി, ശാരദാ മോഹന്‍, സരള മോഹന്‍, ഹിമഹരി, റസിയ റഹ്മാന്‍ ,കെ.പി.എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജാന്‍ സി ജോര്‍ജ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.വി.ബാബു നന്ദിയും പറഞ്ഞു.ജില്ലയിലെ 58 സ്‌കൂളുകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ലാപ് ടോപ്പുകള്‍ വിതരണം ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button