വനിതാ മതില്‍ ജനുവരി ഒന്നിന് തീര്‍ക്കുന്നത് ശിവഗിരി തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍’ വെള്ളാപ്പള്ളിക്കെതിരെയും സമുദായാംഗങ്ങളുടെ പ്രതിഷേധം

അന്നേദിവസം മതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചതിലൂടെ സ്ത്രീകളെ ശിവഗിരി തീര്‍ഥാടനത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യമാണെന്നും ആക്ഷേപം ഉയരുന്നു.

ആലപ്പുഴ: ജനുവരി ഒന്നിന് സംസ്ഥാനത്ത് വനിതാ മതില്‍ തീര്‍ക്കുന്നത് ശിവഗിരി തീര്‍ഥാടനം തകര്‍ക്കാനെന്ന ആക്ഷേപം ഉയരുന്നു. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നു വരെയാണ് ശിവഗിരി തീര്‍ഥാടനം. ഇതില്‍ പ്രധാനപ്പെട്ട ദിവസം ജനുവരി ഒന്നാണ്. ശിവഗിരി തീര്‍ഥാടനത്തില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം സ്ത്രീകള്‍ക്കാണ്. അന്നേദിവസം മതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചതിലൂടെ സ്ത്രീകളെ ശിവഗിരി തീര്‍ഥാടനത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യമാണെന്നും ആക്ഷേപം ഉയരുന്നു.

ഈ ദിവസം തന്നെ വനിതാ മതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചതും, ഇതിന്റെ നേതൃത്വം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് നല്‍കിയതും തീര്‍ത്ഥാടനത്തിന് എതിരായുള്ള ബോധപൂര്‍വമായ നീക്കമാണെന്നാണ് ആരോപണം. വിഭജിച്ച് ഭരിക്കുക എന്ന തന്ത്രം ഇവിടെ സമര്‍ത്ഥമായി പ്രയോഗിക്കുകയാണ് ഇടതുപക്ഷമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം.

ഹൈന്ദവ സമൂഹത്തെ തകര്‍ക്കാന്‍ കരുക്കളാക്കുന്നത് ശബരിമലയേയും ശിവഗിരിയേയും ആണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.1103ല്‍ കോട്ടയം നാഗമ്പടം ക്ഷേത്രത്തിനരികിലുള്ള മാവിന്‍ ചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണ ഗുരുവാണ് ശിവഗിരി തീര്‍ഥാടനത്തിന് അനുമതി നല്‍കിയത്. തീര്‍ഥാടന ദിവസമായി പുതുവര്‍ഷ ദിനമായ ജനുവരി ഒന്ന് നിശ്ചയിച്ച് നല്‍കിയതും ഗുരുവായിരുന്നു. പഞ്ചശുദ്ധി പാലിച്ച് എല്ലാവര്‍ക്കും തീര്‍ഥാടനം നടത്താമെന്നും ഗുരു നിര്‍ദേശിച്ചു.

ശ്രീനാരായണ ഗുരുദേവന്‍ പ്രതിലോമകാരിയായ വ്യക്തി മാത്രമാണെന്ന് പ്രസംഗിച്ചും, പുസ്തകം എഴുതിയും അധിക്ഷേപിക്കുകയും, അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികം പരസ്യമായി ബഹിഷ്‌കരിക്കുകയും ചെയ്ത ഇഎംഎസിന്റെ പിന്മുറക്കാര്‍ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വനിതാ മതില്‍ സംഘടക സമിതി ചെയര്‍മാനായ വെള്ളാപ്പള്ളി നടേശന്റെ നടപടിക്കെതിരേയും സമുദായാംഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

ശബരിമലയിലെ യുവതി പ്രവേശനം നടപ്പാക്കുക വഴി ആചാരലംഘനം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനെത്തിനെതിരെ ആര് പറഞ്ഞാലും പ്രതിഷേധം തീര്‍ക്കുമെന്ന നിലപാടിലാണ് പല യോഗം പ്രവര്‍ത്തകരും. ഇക്കാര്യത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി പ്രവര്‍ത്തകരും കുറിപ്പുകളും, വീഡിയൊകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

Share
Leave a Comment